കൊച്ചി: പൊലീസുകാരനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ അന്വേഷണം ഊർജിതമാകുന്നു. സ്‌പായുടെ മറവിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടോ എന്ന് പൊലീസ് പരിശോധിക്കും. നിയമവിരുദ്ധ പ്രവർത്തനങ്ങൾ മറച്ചുവെക്കാനാണ് സ്‌പാ ജീവനക്കാരി എസ്ഐയുമായി ബന്ധം ഉണ്ടാക്കിയതെന്നാണ് അന്വേഷണ സംഘത്തിൻ്റെ നിഗമനം.
കഴിഞ്ഞ ദിവസമാണ് സിപിഒയെ ഭീഷണിപ്പെടുത്തി എസ്ഐ പണം തട്ടിയത്. പാലാരിവട്ടം സ്റ്റേഷനിലെ എസ്ഐ കെ.കെ. ബൈജുവാണ് സിപിഒ സ്‌പായിൽ എത്തി മാല മോഷ്ടിച്ചു എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയത്. ഭീഷണിപ്പെടുത്താൻ കൊട്ടേഷൻ നൽകിയത് സുൽഫിക്കർ എന്ന ആൾക്കാണെന്നാണ് സ്‌പാ ഉടമ രമ്യയുടെ മൊഴി. പ്രതി രമ്യയെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യും.
എസ്ഐ ബൈജു അടങ്ങുന്ന സംഘം മുൻപും തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്നതടക്കം പരിശോധിച്ചുവരികയാണ്. ഒളിവിലുള്ള ബൈജുവിന്റെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു.
സ്‌പായിൽ എത്തിയ കാര്യം ഭാര്യയെ അറിയിക്കും എന്നടക്കം പറഞ്ഞാണ് എസ്ഐ ബൈജു പണം തട്ടിയത്. 4 ലക്ഷം രൂപയാണ് ബൈജുവും മറ്റ് പ്രതികളും ചേർന്ന് തട്ടിയെടുത്തത്. ബൈജുവിനെതിരെ വകുപ്പ് തല നടപടി ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. സ്‌പാ നടത്തുന്ന രമ്യ അടക്കം മൂന്നുപേർ കേസിലെ പ്രതികളാണ്.