ഇടുക്കി: ഇരിങ്ങാലക്കുട സ്വദേശിയായ അഭിഭാഷകയെ ഭർത്താവ് ക്രൂരമായി മർദിച്ചെന്ന് പരാതി. കഞ്ഞിക്കുഴിയിലെ ഭർതൃവീട്ടിൽ വച്ചും ബെംഗളൂരുവിൽ വച്ചും ആക്രമിച്ചെന്ന് യുവതി പറയുന്നു. ബിസിനസുകാരനും ഇടുക്കി കഞ്ഞിക്കുഴി സ്വദേശി മനു പി. മാത്യുവിനെതിരെയാണ് പരാതി. വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം മുതൽ പീഡനം ആരംഭിച്ചെന്നും, ഗർഭിണിയായിരിക്കെ തിളച്ച എണ്ണ ശരീരത്തിൽ ഒഴിച്ചെന്നും യുവതി വെളിപ്പെടുത്തി. പരാതിയിൽ പൊലീസ് കേസെടുത്തെങ്കിലും ദുർബലമായ വകുപ്പുകളാണ് ചുമത്തിയത് എന്ന് യുവതി പറയുന്നു.
വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം മുതൽ പീഡനം തുടങ്ങി. വിവാഹത്തിന് ശേഷം ബെംഗളൂരുവിലേക്ക് താമസം മാറിയപ്പോൾ റൂമിൽ പൂട്ടിയിട്ട് മർദിച്ചു. ഗർഭിണിയായ മൂന്നാം മാസം ശരീരത്തിലേക്ക് തിളച്ച എണ്ണ ഒഴിച്ചു പൊള്ളിച്ചു. സംശയരോഗത്തിന്റെ പേരിൽ നിരന്തരം മർദിച്ചുവെന്നും യുവതി പറയുന്നു. ആൺസുഹൃത്തിനോട് സംസാരിച്ചതിനും, ഇൻസ്റ്റഗ്രാമിൽ ഫോട്ടോ സ്റ്റോറി പങ്കുവെച്ചതിനും ട്രോളി ബാഗുൾപ്പെടെ ഉപയോഗിച്ച് മർദിച്ചെന്ന് യുവതി വ്യക്തമാക്കി. സ്ഥിരം മദ്യപാനിയും ലഹരി ഉപയോഗിക്കുന്ന ആളുമാണ് മനുവെന്ന് യുവതി ന്യൂസ് മലയാളത്തോട് പറഞ്ഞു. 2026 ജനുവരി ഒന്നിന് താൻ അനുഭവിച്ച പീഡനങ്ങൾ വ്യക്തമാക്കി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ഷെയർ ചെയ്തു. പീഡനവിവരം വെളിപ്പെടുത്തിയതിന് പിന്നാലെ തന്റെ സഹോദരനെ മനു ഭീഷണിപ്പെടുത്തിയെന്നും യുവതി പറയുന്നു.
നിരവധി തവണ ലൈംഗിക ബന്ധത്തിന് ശേഷം നിരന്തരം ഗർഭനിരോധന ഗുളികകൾ കഴിപ്പിച്ചു. 2024ൽ ആദ്യം ഗർഭിണിയായപ്പോൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ബെംഗളൂരുവിലുള്ള സുഹൃത്തിൻ്റെ ആശുപത്രിയിൽ വച്ച് അബോർഷൻ നടത്തി. ഗുരുതരമായ പരിക്കേറ്റിട്ടും ഭർത്താവ് ചികിത്സ നിഷേധിച്ചുവെന്നും യുവതിയുടെ വെളിപ്പെടുത്തൽ.