
കണ്ണൂര്‍: കല്യാട്ട് മോഷണം നടന്ന വീട്ടിലെ ഗൃഹനാഥയുടെ മകന്റെ ഭാര്യയുടെ കൊലപാതകം സുഹൃത്ത് സിദ്ധരാജു ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്. 7 വര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു. ഇതിനിടെ കടം നല്‍കിയ പണം തിരിച്ചു ചോദിച്ചതും ഭര്‍ത്താവിന്റെ കൂടെ ഗള്‍ഫിലേക്ക് പോകാന്‍ തീരുമാനിച്ചതുമാണ് കൊലക്ക് കാരണമായത്. അതേസമയം കാണാതായ സ്വര്‍ണവും പണവും എവിടെയെന്ന് അറിയില്ലെന്നാണ് സിദ്ധരാജു നല്‍കിയ മൊഴി.
ദര്‍ഷിതയെ സിദ്ധരാജു ആസൂത്രിതമായി ലോഡ്ജിലേക്ക് വിളിച്ചു വരുത്തി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകം നടത്തിയ ശേഷം മൊബൈല്‍ ചാര്‍ജര്‍ പൊട്ടിത്തെറിച്ചുള്ള അപകടം എന്ന് വരുത്തിതീര്‍ക്കാനായിരുന്നു ശ്രമം. ലോക്ക് തകരാറുള്ള റൂം ചോദിച്ചു വാങ്ങുകയായിരുന്നു എന്നാണ് ലോഡ്ജ് ജീവനക്കാര്‍ നല്‍കിയ വിവരം. റൂം കാണാന്‍ എന്ന പേരില്‍ ആദ്യം റൂമിലെത്തിയ സിദ്ധരാജു മൊബൈല്‍ ചാര്‍ജറിന്റെ അഗ്രഭാഗം മുറിച്ചു മാറ്റി ഡിറ്റനേറ്റര്‍ ഘടിപ്പിക്കുകയും ചാര്‍ജര്‍ പ്ലഗില്‍ കുത്തിവെക്കുകയും ചെയ്തു.
പിന്നീട് ദര്‍ഷിത മുറിയിലേക്കെത്തിയതോടെ കൈകാലുകള്‍ ബന്ധിച്ച് ഡിറ്റനേറ്റര്‍ വായില്‍ തിരുകിവെക്കുകയായിരുന്നു. സ്വിച്ച് ഓണ്‍ ചെയ്തതോടെ ഇത് പൊട്ടിത്തെറിച്ചു. റൂമിലെത്തി നാലുമിനുട്ട് സമയം കൊണ്ട് പ്രതി കൃത്യം നിര്‍വ്വഹിച്ചു. പിന്നാലെ ശരീരത്തിലെ രക്തക്കറ കഴുകി കളഞ്ഞ ശേഷം ഭക്ഷണം വാങ്ങാന്‍ എന്ന പേരില്‍ പുറത്തു പോയി മദ്യപിച്ച് തിരിച്ചു വന്നത് ദര്‍ഷിതക്കുള്ള ഭക്ഷണവുമായായിരുന്നു.
തിരിച്ചെത്തിയ സിദ്ധരാജു വാതില്‍ തുറക്കുന്നില്ലെന്ന് പറഞ്ഞ് ബഹളം വെച്ചതോടെ വാതില്‍ പൊളിച്ച് അകത്തുകയറിയപ്പോഴാണ് കിടക്കയില്‍ മരിച്ചുകിടക്കുന്ന ദര്‍ഷിതയെ കണ്ടത്. ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ പ്രതി ശ്രമിച്ചെങ്കിലും ലോഡ്ജ് ജീവനക്കാര്‍ തടഞ്ഞുവെച്ച് പോലീസില്‍ അറിയിക്കുകയായിരുന്നു. ദര്‍ഷിതയില്‍ നിന്നും ഇയാള്‍ 80,000 രൂപ കടം വാങ്ങിയിരുന്നു.
ഈ പണം തിരികെ ചോദിച്ചതും ഭര്‍ത്താവിന്റെ കൂടെ ഗള്‍ഫിലേക്ക് പോകാന്‍ യുവതി തീരുമാനിച്ചതും പ്രകോപനമായെന്നാണ് നിലവില്‍ നല്‍കിയിരിക്കുന്ന മൊഴി. അതേസമയം ഭര്‍ത്താവിന്റെ കല്ല്യാട്ടെ വീട്ടില്‍ നിന്നും കാണാതായ 30 പവന്‍ സ്വര്‍ണവും 4ലക്ഷം രൂപയും എവിടെയെന്ന് കണ്ടെത്താനായിട്ടില്ല. ഇതിനെക്കുറിച്ച് അറിയില്ലെന്നാണ് സിദ്ധരാജു നല്‍കിയിരിക്കുന്ന മൊഴി.
കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്ത സിദ്ധരാജു കസ്റ്റഡിയിലാണ്. മോഷണം അന്വേഷിക്കുന്ന കരിക്കോട്ടക്കരി സി ഐ വിനോയിയുടെ നേതൃത്വത്തിലുള്ള കേരള പോലീസ് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും.