തിരുവനന്തപുരം: കഴക്കൂട്ടത്ത് ഐടി ജീവനക്കാരിയെ ഹോസ്റ്റലിൽ കയറി ബലാത്സംഗം ചെയ്ത സംഭവത്തിൽ പിടിയിലായ പ്രതിയെ പെൺകുട്ടി തിരിച്ചറിഞ്ഞു. മധുര സ്വദേശി ബെഞ്ചമിനെയാണ് തിരിച്ചറിഞ്ഞത്. ഇയാളെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.
പ്രതിക്കെതിരെ തമിഴ്നാട്ടിൽ നിരവധി ക്രിമിനൽ കേസുകളെന്ന് പൊലീസ് കണ്ടെത്തി. പ്രതി ഹോസ്റ്റലിൽ കയറിയത് മോഷണത്തിനു വേണ്ടിയെന്ന് പൊലീസ്. തൊട്ടടുത്ത വീടുകളിൽ മോഷണത്തിന് കയറിയ ശേഷമാണ് പ്രതി ഹോസ്റ്റലിൽ കയറിയത്. സിസിടിവിയിൽ വരാതിരിക്കാൻ ഒരു വീട്ടിൽ നിന്ന് കുട എടുത്ത് മുഖം മറച്ചായിരുന്നു ഹോസ്റ്റലിൽ കയറിയത്. ഒരിടത്തു നിന്നു തൊപ്പിയും മറ്റൊരു വീട്ടിൽ നിന്ന് ഹെഡ് ഫോണും എടുത്തു. തെരുവിൽ ഉറങ്ങുന്ന സ്ത്രീകളെ ഉപദ്രവിക്കുന്നത് ഇയാളുടെ സ്ഥിരം രീതിയാണ്. പ്രതി കേരളത്തിൽ എത്തിയത് ലോറിയിലെ ലോഡ് ഇറക്കാനാണെന്നും പൊലീസ് കണ്ടെത്തൽ.
തിരുവനന്തപുരത്തേക്കുള്ള മെഷീനുമായാണ് മധുരയിൽ നിന്ന് പ്രതി പുറപ്പെട്ടത്. നാഗർകോവിൽ - കളിക്കാവിള വഴി തിരുവനന്തപുരത്തേക്ക് എത്തി. ലോഡ് ഇറക്കിയ ശേഷം കഴക്കൂട്ടത്ത് എത്തിയത് ഭക്ഷണം കഴിക്കാനാണ്. പ്രതിയുടെ നീക്കങ്ങൾ ആസൂത്രിതമെന്നും പൊലീസ് നിഗമനം.
മധുര സ്വദേശിയായ പ്രതിയെ മധുരയിൽ നിന്നാണ് കസ്റ്റഡിയിലെടുത്തതെന്ന് ഡിസിപി ടി. ഫറാഷ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വാഹനം കേന്ദ്രീകരിച്ചാണ് പ്രതിയിലേക്ക് എത്തിയത്. സാഹസികമായി പ്രതിയെ പിടികൂടിയത്. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും ഡിസിപി പറഞ്ഞു.
ഒക്ടോബർ 17ന് പുലർച്ചെയായിരുന്നു ഐടി ജീവനക്കാരി ഹോസ്റ്റൽ മുറിയിൽ ഉറങ്ങിക്കിടക്കുമ്പോൾ പ്രതി ബലാത്സംഗം ചെയ്തത്. ഞെട്ടി ഉണര്‍ന്ന് ബഹളം വെച്ചപ്പോള്‍ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. ടെക്‌നോപാര്‍ക്ക് ജീവനക്കാരിയാണ് പീഡനത്തിന് ഇരയായത്.