കൊച്ചി: തേവര കോന്തുരുത്തിയില്‍ ലൈംഗിക തൊഴിലാളിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സ്ത്രീ ആവശ്യപ്പെട്ടത് 5000 രൂപയായിരുന്നു. ഇത് നല്‍കാന്‍ ജോര്‍ജ് തയ്യാറായില്ല. കൂടാതെ, സ്ത്രീയുടെ കഴുത്തിലെ മാല പൊട്ടിക്കാന്‍ ശ്രമിച്ചിരുന്നതായും ജോര്‍ജ് പൊലീസിന് മൊഴി നല്‍കി.
മാല പൊട്ടിക്കാനുള്ള ശ്രമം എതിര്‍ത്തതോടെ ജോര്‍ജ് സ്ത്രീയെ ക്രൂരമായി മര്‍ദിച്ചു. തുടര്‍ന്ന് ഇരുമ്പ് വടി ഉപയോഗിച്ചും തലയ്ക്കടിച്ചു. സ്ത്രീകളെ ശല്യം ചെയ്തതിന് ജോര്‍ജിനെതിരെ മുമ്പും പരാതി ഉണ്ടായിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തി.
കഴിഞ്ഞ ദിവസമാണ് ലൈംഗിക തൊഴിലാളി കൊല്ലപ്പെട്ടത്. ജോര്‍ജ് കമ്പിപ്പാര ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തല്‍. സ്ത്രീ കൊല്ലപ്പെട്ട വീടിന്റെ ഉടമ ജോര്‍ജ് ആണ് പ്രതി. വെള്ളിയാഴ്ച രാത്രി 10 മണിക്ക് എറണാകുളം സൗത്തില്‍ വച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നാലെ വീട്ടിലേക്ക് കൊണ്ടുവന്നു.
പണത്തെ ചൊല്ലി തര്‍ക്കം ഉണ്ടായതോടെ 12 മണിയോടെ കമ്പി പാര ഉപയോഗിച്ച് തലയ്ക്കടിച്ചു കൊലപ്പെടുത്തി. കഴുത്തില്‍ കയറിട്ട് കുരുക്കിയാണ് മൃതദേഹം പുറത്തേക്ക് കൊണ്ടുവന്നതെന്നും എസിപി പറഞ്ഞു. ചോദ്യം ചെയ്യലില്‍ പ്രതി പോലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. കൊലപാതകം നടത്തിയത് താനല്ല എന്നാണ് ആദ്യം പറഞ്ഞത്.
ഇന്നലെ രാവിലെയാണ് വീടിന് സമീപത്തായി ചാക്കില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഹരിതകര്‍മസേന തൊഴിലാളികളാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് വിവരം അറിയിച്ചതിനെ തുടര്‍ന്ന് വാര്‍ഡ് കൗണ്‍സിലര്‍ സ്ഥലത്തെത്തി.
കൗണ്‍സിലര്‍ എത്തിയപ്പോള്‍ മൃതദേഹത്തിന് സമീപം മദ്യലഹരിയില്‍ അബോധാവസ്ഥയിലിരിക്കുകയായിരുന്നു ജോര്‍ജ്. പിന്നാലെ പൊലീസ് എത്തുകയും ജോര്‍ജിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു