
പാലക്കാട്: കൊല്ലങ്കോട് ബീവറേജ് ഔട്ട്‌ലെറ്റില്‍ മോഷണം നടത്തിയ പ്രതികളുടെ മൊഴി പുറത്ത്. തിരുവോണ ദിവസത്തെ വില്‍പ്പന ലക്ഷ്യമിട്ടാണ് മോഷണം നടത്തിയതെന്നാണ് പ്രതി പൊലീസിന് മൊഴി നല്‍കിയത്. അര ലിറ്ററിന്റെ ബോട്ടിലുകള്‍ മാത്രം മോഷ്ടിച്ചത് ഇതിനാണെന്നും പ്രതി പറഞ്ഞു.
കിട്ടിയ വിലയ്ക്ക് മോഷ്ടിച്ച മദ്യം വിറ്റു തീര്‍ത്തു. 2,200 രൂപയുടെ ഒരു കുപ്പി മദ്യം കുടിച്ചു തീര്‍ത്തുവെന്നും പ്രതിയുടെ മൊഴിയില്‍ പറയുന്നു. കൊല്ലങ്കോട് സ്വദേശികളായ ശിവദാസന്‍, രവി, രമേഷ് എന്നിവരാണ് മോഷണം നടത്തിയത്. രവിയേയും ശിവദാസനേയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രമേഷിനായുള്ള അന്വേഷണം തുടരുകയാണ്. ശിവദാസനാണ് മോഷണം ആസൂത്രണം ചെയ്തത്.
ഇന്നലെയാണ് രവിയെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത സമയത്ത് ഇയാള്‍ അമിതമായി മദ്യപിച്ച നിലയിലായിരുന്നു.
ഓണം അവധി കഴിഞ്ഞ് ജീവനക്കാര്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിഞ്ഞത്. തിരുവോണത്തിന്റെ തലേ ദിവസമാണ് മോഷണം നടന്നത്. പത്ത് ചാക്കുകളിലായാണ് മദ്യം കടത്തിയത്. ബീവറേജ് ഔട്ട്‌ലെറ്റിന്റെ ചുമര്‍ പൊളിച്ചാണ് അകത്ത് കടന്നത്. വ്യത്യസ്ത ബ്രാന്‍ഡുകളിലെ മദ്യമാണ് മോഷ്ടിച്ചത്. മൂന്ന് ലക്ഷത്തോളം രൂപയുടെ മദ്യം മോഷ്ടിച്ചെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
ബെവ്‌കോയുടെ പ്രീമിയം മദ്യശാലയിലാണ് മോഷണം നടന്നത്. ചുമര്‍ പൊളിച്ച് രവിയാണ് അകത്തു കടന്നത്. മദ്യം ചാക്കിലാക്കി പുറത്ത് കാത്തുനിന്ന രണ്ട് പേര്‍ക്ക് ഘട്ടംഘട്ടമായി കൈമാറി. പുലര്‍ച്ചെ 2.30 ന് അകത്തു കടന്ന രവി കെട്ടിടത്തില്‍ നിന്നും പുറത്തേക്കിറങ്ങിയത് രാവിലെ 7.30 നാണ്. അഞ്ച് മണിക്കൂര്‍ കൊണ്ട് പത്തിലധികം ചാക്കുകളില്‍ മദ്യം നിറച്ചു.