
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതി ജോളിയുടെ ആദ്യ ഭര്‍ത്താവിന്റെ മരണകാരണം സയനൈഡ് തന്നെയെന്ന് ഫോറന്‍സിക് ഡോക്ടര്‍. വിചാരണ കോടതിയില്‍ നല്‍കിയ മൊഴിയിലാണ് ഡോക്ടര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ഫോറന്‍സിക് ചുമതലയുള്ള ഡോക്ടര്‍ പ്രസന്നനാണ് പ്രത്യേക കോടതിയില്‍ മൊഴി നല്‍കിയത്. പ്രതി ജോളിയുടെ ഭര്‍ത്താവ് റോയ് തോമസ് മരിച്ചത് സയനൈഡ് ഉള്ളില്‍ ചെന്നാണെന്ന് പോസ്റ്റ് മോര്‍ട്ടത്തിലാണ് കണ്ടെത്തിയത്. ഹൃദയാഘാതം വന്ന് മരിച്ചു എന്നായിരുന്നു ജോളി മൊഴി നല്‍കിയത്.
കൂടത്തായി കൊലപാതക പരമ്പരയിലെ ആറ് മരണങ്ങളില്‍ റോയ് തോമസിന്റേത് മാത്രമാണ് പോസ്റ്റ്‌മോര്‍ട്ടം നടന്നത്. സയനൈഡ് ഉള്ളില്‍ ചെന്നാണ് മരിച്ചതെന്ന് കണ്ടെത്തിയിരുന്നു. ജോളി തോമസ് കടലക്കറിയിലും വെള്ളത്തിലും സയനൈഡ് കലര്‍ത്തി നല്‍കി റോയ് തോമസിനെ കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രം. മറ്റ് അഞ്ച് കൊലപാതകങ്ങളിലും ജോളി തന്റെ സ്വാധീനം ഉപയോഗിച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്താതെ സംസ്‌കരിച്ചെന്നാണ് അന്വേഷണസംഘത്തിന്റെ വിശദീകരണം
ജോളിയുടെ മക്കള്‍, സഹോദരങ്ങള്‍ പിതാവ് രണ്ടാം ഭര്‍ത്താവ് ഷാജു സക്കറിയാസ് ഉള്‍പ്പെടെ 255 സാക്ഷികള്‍ കേസില്‍ ഹാജരായി. എന്‍.കെ ഉണ്ണികൃഷ്ണനാണ് കേസിലെ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍.
ജോളിക്കെതിരെ ഷാജു സ്‌കറിയാസ് നല്‍കിയ വിവാഹമോചന ഹര്‍ജി ജുലൈ രണ്ടിന് കോഴിക്കോട് കുടുംബ കോടതി അനുവദിച്ചിരുന്നു. കൂട്ടക്കൊല നടത്തിയ ഭാര്യ ഇനിയും ഏത് ആക്രമണത്തിനും മുതിരുമെന്നും കേസില്‍ ഉള്‍പ്പെട്ട് റിമാന്‍ഡില്‍ വിചാരണ നീളുകയാണെന്നും അതിനാല്‍ വിവാഹമോചനം അനുവദിക്കണമെന്നുമായിരുന്നു ഷാജു ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്.
2002 മുതല്‍ 2016 വരെ ഭര്‍ത്താവ് ഉള്‍പ്പെടെ കുടുംബത്തിലെ ആറ് പേരെ ജോളി കൊലപ്പെടുത്തിയെന്നാണ് കേസ്. വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥന്‍ കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട. അധ്യാപിക അന്നമ്മ തോമസ് (60), ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസ് (40), അന്നമ്മയുടെ സഹോദരന്‍ എം.എം. മാത്യു മഞ്ചാടിയില്‍ (68), ഷാജു സ്‌കറിയയുടെ ഭാര്യ സിലി (44), മകള്‍ ആല്‍ഫൈന്‍ (2) എന്നിവരാണ് കൊല്ലപ്പെട്ടത്.
അടുത്ത കാലത്ത് കേരളത്തെ ഞെട്ടിച്ചതും ഏറെ ചര്‍ച്ച ചെയ്തതുമായ കൊലപാതക പരമ്പരയായിരുന്നു കൂടത്തായിയിലേത്. പ്ലസ് ടു വിദ്യാഭ്യാസം മാത്രമുള്ള ജോളി കോഴിക്കോട് എന്‍ഐടി പ്രൊഫസറാണെന്ന് വീട്ടുകാരേയും നാട്ടുകാരേയും കബളിപ്പിക്കുകയും സയനൈഡ് കലര്‍ത്തി ആറ് പേരെ കൊല്ലുകയുമായിരുന്നു. 2019 ഒക്ടോബര്‍ അഞ്ചിനായിരുന്നു മുഖ്യപ്രതി ജോളി അറസ്റ്റിലായത്.