
വയനാട് സ്വദേശി ഹേമചന്ദ്രന്റേത് കൊലപാതകം എന്ന് സ്ഥിരീകരിക്കുന്ന തെളിവുകൾ ലഭിച്ചതായി അന്വേഷണസംഘം. സാമ്പത്തിക തർക്കമാണ് കൊലപാതകത്തിന് കാരണം. മുഖ്യപ്രതി നൗഷാദിനെ നാട്ടിലെത്തിക്കാൻ നടപടി തുടങ്ങിയിട്ടുണ്ടെന്നും, കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കുന്നതായും കോഴിക്കോട് ഡിസിപി അരുൺ കെ പവിത്രൻ ഐഎസ് പറഞ്ഞു.
"2024 മാർച്ച് 20നാണ് ഹേമചന്ദ്രനെ കാണാതായി പരാതി ലഭിക്കുന്നത്. ഹേമചന്ദ്രന് ഒരുപാട് സാമ്പത്തിക ബാധ്യതകൾ ഉണ്ടായിരുന്നു. നേരത്തെയും ഹേമചന്ദ്രൻ വീട്ടിൽ നിന്നും മാറി നിന്നിട്ടുണ്ട്. പൊലീസ് അന്വേഷണം വഴിതിരിച്ചുവിടാൻ പ്രതികൾ ശ്രമിച്ചിരുന്നു. കൊലപാതകം നടത്തിയതായി പ്രതികൾ സമ്മതിച്ചിട്ടുണ്ട്. സാമ്പത്തിക തർക്കമാണ് കൊലപാതകത്തിന് കാരണം. കൊലപാതകത്തിന് ശേഷം ഹേമചന്ദ്രന്റെ ഫോണിൽ നിന്നും പ്രതികൾ ഹേമചന്ദ്രന്റെ ഭാര്യയെ വിളിച്ചു. ഹേമചന്ദ്രന്റെ ഫോൺ ലൊക്കേഷൻ വരെ പ്രതികൾ ആണ് കൺട്രോൾ ചെയ്തത്. ഹേമചന്ദ്രന്റെ മകൾക്ക് തോന്നിയ സംശയമാണ് അന്വേഷണത്തിന് തുടക്കം കുറിക്കാൻ കാരണം", കോഴിക്കോട് ഡിസിപി.
ഹേമചന്ദ്രനെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് കൊലപാതകം വിവരം പുറത്തുവന്നത്. കൊലപാതകം നടന്നു എന്ന് സ്ഥിരീകരിക്കുന്ന തെളിവുകളെല്ലാം അന്വേഷണ സംഘത്തിന് ലഭിച്ചു. പ്രധാന പ്രതി നൗഷാദ് ഹേമചന്ദ്രനെ കബളിപ്പിച്ചാണ് വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ടുപോയത്. മുഖ്യപ്രതി നൗഷാദിന്റെ പെൺസുഹൃത്തിന്റെ ബീനാച്ചിയിലുളള വീട്ടിൽ വെച്ചാണ് കൃത്യം നടത്തിയതെന്നാണ് പ്രതികളുടെ മൊഴി. ഹേമചന്ദ്രനെ തട്ടിക്കൊണ്ടുപോയി ശേഷം രണ്ട് ദിവസം ക്രൂരമായി മർദിച്ചെന്നും മൊഴിയിലുണ്ട്. ആളെ കാണാതായ കേസായി മാറ്റാനും അന്വേഷണം വഴിതിരിച്ചുവിടാനും ശ്രമം നടന്നു. ഹേമചന്ദ്രന്റെ ഫോൺ ഗുണ്ടൽപേട്ടിൽ കൊണ്ടുപോയത് ഇതിന്റെ ഭാഗമായാണ്. വിദേശത്തുള്ള പ്രധാന പ്രതി നൗഷാദിനെ നാട്ടിലെത്തിക്കാനുള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞു. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടതായാണ് അന്വേഷണ സംഘത്തിന് ലഭിക്കുന്ന സൂചനയെന്നും ഡിസിപി വ്യക്തമാക്കി.
കേസിൽ ഇതുവരെ 400 വ്യക്തികളുടെ മൊബൈൽ ഫോൺ രേഖകൾ പരിശോധിച്ചു കഴിഞ്ഞു. വയനാട്, തമിഴ്നാട് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്. മൃതദേഹം ഹേമചന്ദ്രന്റെ ആണോ എന്ന് തിരിച്ചറിയാൻ ഡിഎൻഎ പരിശോധന കൂടെ നടത്തണം. കൊലപാതകമാണ് എന്ന ഉറപ്പിച്ച് പറയാൻ സാധിക്കുന്ന തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. മൃതദേഹം അധികം അഴുകാത്തതിന് കാരണം ആ പ്രദേശത്തെ കാലാവസ്ഥയാണ്. മൃതദേഹത്തിന്റെ പഴക്കം കണക്കാക്കാൻ സാധിച്ചിട്ടില്ല. കേസിനെ പ്രതികൂലമായി ബാധിക്കും എന്നതിനാൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ പറ്റില്ലെന്നും അന്വേഷണസംഘം പറഞ്ഞു.
2024 മാര്‍ച്ച് 20ന് കോഴിക്കോട് മായനാട്ടെ വാടക വീട്ടില്‍ നിന്ന് ഇറങ്ങിയ വയനാട് ബത്തേരി സ്വദേശി ഹേമചന്ദ്രന്റെ മൃതദേഹമാണ് ഇന്നലെ തമിഴ്നാട് നീലഗിരി ചേരമ്പാടി ഉൾവനത്തിലെ ചതുപ്പിൽ നിന്ന് കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചു. ശരീരത്തിൽ കത്തികൊണ്ട് കുത്തിയതിന്റെയും മർദനമേറ്റതിന്റെയും പാടുകൾ ഉണ്ടെന്നാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ഡിഎൻഎ പരിശോധനകൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.