
കോഴിക്കോട് മലാപ്പറമ്പ് സെക്‌സ് റാക്കറ്റ് കേസിലെ 8 പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച് കോടതി. നടത്തിപ്പുകാരായ മൂന്നുപേര്‍ക്ക് ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. മൂന്ന് പേരും കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ ഹാജരാകണം. സംഭവത്തില്‍ ഒരാള്‍ റിമാന്‍ഡിലുണ്ട്. മലാപ്പറമ്പില്‍ ഇയ്യപ്പാടി റോഡിലുള്ള അപ്പാര്‍ട്മെന്റില്‍ നടത്തിയ പരിശോധനയിലാണ് ആറു സ്ത്രീകള്‍ ഉള്‍പ്പെടെ ഒന്‍പതു പേരടങ്ങുന്ന സെക്‌സ് റാക്കറ്റ് പിടിയിലാകുന്നത്.
വയനാട് പുല്‍പ്പള്ളി സ്വദേശി ബിന്ദു, ഇടുക്കി സ്വദേശി അഭിരാമി, കരുവന്‍തിരുത്തി സ്വദേശി ഉഭേഷ് എന്നിവരാണ് നടത്തിപ്പുകാര്‍. ഏറെ നാളുകളായി ഈ സംഘം അപ്പാര്‍ട്മെന്റ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം. റാക്കറ്റ് നടത്തിപ്പിന് പിന്നില്‍ കൂടുതല്‍ ആളുകളുണ്ടെന്ന സംശയത്തിലാണ് പൊലീസ്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. രണ്ടു ഇടപാടുകാരെയും നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് സെക്സ് റാക്കറ്റ് പ്രവര്‍ത്തിക്കുന്ന കേന്ദ്രം കണ്ടെത്തിയത്.
കോഴിക്കോട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള അപ്പാര്‍ട്ട്മെന്റ് രണ്ടുവര്‍ഷം മുമ്പാണ് ബഹറിന്‍ ഫുട്ബോള്‍ ടീമിന്റെ ഫിസിയോ എന്ന് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശി വാടകയ്ക്കെടുത്തത്. ഇയാളുടെ നേതൃത്വത്തിലാണ് ഇവിടെ സെക്സ് റാക്കറ്റ് പ്രവര്‍ത്തിച്ചിരുന്നതെന്ന് പൊലീസ് കണ്ടെത്തി. ദമ്പതികള്‍ എന്ന് പറഞ്ഞു തെറ്റിദ്ധരിപ്പിച്ചാണ് അപ്പാര്‍ട്മെന്റ് വാടകയ്ക്ക് എടുത്തതെന്നും, വാടക നല്‍കിയത് ഓണ്‍ലൈന്‍ വഴി ആയതിനാല്‍ വാടകക്കാരുമായി നേരിട്ട് ബന്ധപ്പെടേണ്ട സാഹചര്യം ഉണ്ടായിട്ടില്ലെന്നും അപ്പാർട്മെന്റ് ഉടമ സുരേഷ് ബാബു പറഞ്ഞിരുന്നു.
മലാപ്പറമ്പില്‍ നിരവധി ഫ്ളാറ്റുകള്‍ അപ്പാര്‍ട്മെന്റിന് ചുറ്റുമുണ്ട്. ആര്‍ക്കും സംശയം തോന്നാത്ത തരത്തിലായിരുന്നു സംഘത്തിന്റെ പ്രവര്‍ത്തനം. പിടിയിലായ രണ്ട് ഇടനിലക്കാരെയും പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. സംഘത്തില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.