
കോഴിക്കോട് മാങ്കാവ് യുവാവിനെ തട്ടികൊണ്ടുപോയി കെട്ടിയിട്ട് മർദിച്ചു. മാങ്കാവ് സ്വദേശി മുഹമ്മദ് ഷാലുവിനെയാണ് അഞ്ച് അംഗ സംഘം തട്ടിക്കൊണ്ടുപോയത്. മലപ്പുറം തൃപനച്ചിയിലെ ആളൊഴിഞ്ഞ വീട്ടിൽ നിന്നാണ് യുവാവിനെ പൊലീസ് കണ്ടെത്തിയത്.
ഇന്നലെ ഉച്ചയ്ക്കാണ് കാറിലെത്തിയ അഞ്ചംഗ സംഘം ഷാലുവിനെ തട്ടിക്കൊണ്ടുപോയത്.തുടർന്ന് നാട്ടുകാർ തന്നെ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. നാട്ടുകാരും പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ആളൊഴിഞ്ഞ വീട്ടില്‍ നിന്ന് മുഹമ്മദ് ഷാലുവിനെ കണ്ടെത്തിയത്.
പൊലീസ് കണ്ടെത്തുമ്പോള്‍ മർദനമേറ്റ് അവശ നിലയിലായിരുന്നു ഷാലു. മുഖംമൂടിയിരുന്നു. കൈയ്യും കാലും കെട്ടിയിട്ട നിലയിലായിരുന്നു. സ്വർണ കടത്തുമായി ബന്ധപ്പെട്ട തർക്കമാണ് തട്ടിക്കൊണ്ടുപൊകലിനു കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവർ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച വാഹനവും പൊലീസ് കസ്റ്റഡിയിലാണ്. മുഹമ്മദ് ഷാലു ആശുപത്രിയില്‍ ചികിത്സയിലാണ്.