മലപ്പുറം: കാഴ്ചയില്ലെന്ന് അഭിനയിച്ച് ഭിക്ഷാടനം നടത്തിയയാളെ കയ്യോടെ പിടികൂടി നാട്ടുകാർ. മലപ്പുറം വളാഞ്ചേരിയിലാണ് കാഴ്ച ശേഷിയില്ലെന്ന വ്യാജേന ഭിഷാടനം നടത്തിയ കോട്ടയം സ്വദേശി ഹംസയെ നാട്ടുകാര്‍ പിടികൂടിയത്. വളാഞ്ചേരിയിലും പരിസരങ്ങളിലും കാഴ്ചയില്ലാത്തയാളാണെന്ന് അഭിനയിച്ച് രണ്ടുമാസത്തോളമായി ഇയാള്‍ ഭിക്ഷാടനം നടത്തുകയായിരുന്നു.
രണ്ടുമാസക്കാലമായി കോട്ടയം സ്വദേശിയായ ഹംസയെ വളാഞ്ചേരിയില്‍ കാണാന്‍ തുടങ്ങിയിട്ട്. കറുത്ത കണ്ണട ധരിച്ച് കണ്ണുകാണാത്തവരെ പോലെയായിരുന്നു ഇയാൾ നടന്നിരുന്നത്. ശരീരപ്രകൃതമടക്കം കാഴ്ചയില്ലാത്തവരെപ്പോലെ തന്നെയായിരുന്നു. ആളുകളുടെ മുന്‍പില്‍ വന്ന് കൈനീട്ടിയപ്പോഴെല്ലാം ഹംസക്ക് സഹായവും ലഭിച്ചു.
എന്നാൽ ഇയാളുടെ അവസ്ഥ കണ്ട വളാഞ്ചേരിക്കാര്‍ ബ്ലൈന്റ് ഹോമില്‍ പ്രവേശനം വാങ്ങി നല്‍കാമെന്ന് പറഞ്ഞപ്പോഴെല്ലാം അത് ഇയാൾ നിരസിച്ചു. ഇതോടെയാണ് ഹംസയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ നാട്ടുകാര്‍ ഇയാളെ നിരീക്ഷിക്കാന്‍ തുടങ്ങിയത്.
കഴിഞ്ഞ ദിവസം ഭിക്ഷയായി ലഭിച്ച പണം ഇയാള്‍ എണ്ണുന്നതും പുലര്‍ച്ചെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് നടന്നു പോകുന്നതുമെല്ലാം നാട്ടുകാരില്‍ ചിലര്‍ കണ്ടെത്തി. ഇതോടെ ഹംസയെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ആദ്യമൊക്കെ തനിക്ക് കണ്ണുകാണാന്‍ കഴിയില്ലെന്ന് പറഞ്ഞ ഹംസ നാട്ടുകാര്‍ കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് തട്ടിപ്പായിരുന്നു എന്ന് സമ്മതിക്കുന്നത്.
ഇയാളുടെ ബാഗില്‍ നിന്നും കണ്ണാടിയും ചീര്‍പ്പും കത്രികയുമെല്ലാം നാട്ടുകാര്‍ കണ്ടെടുത്തു. ഇതോടെ ടീം വളാഞ്ചേരി കൂട്ടായ്മ ഹംസയെ തിരികെ കോട്ടയത്തേക്ക് പറഞ്ഞയച്ചു. ഇനിയും ഇത്തരത്തില്‍ തട്ടിപ്പ് തുടര്‍ന്നാല്‍ പൊലീസില്‍ പരാതിപ്പെടുമെന്ന് താക്കീത് നൽകിയാണ് പറഞ്ഞയച്ചത്.