ബിഹാറിൽ അമ്മാവന്റെ ഭാര്യയുമായി അവിഹിത ബന്ധം ഉണ്ടെന്ന് ആരോപിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച് നാട്ടുകാർ. ബിഹാറിലെ സുപാൽ ജില്ലയിലെ ഭീംപൂരിലാണ് സംഭവം. മർദിച്ച ശേഷം യുവാവിനെ അമ്മായിയുമായി വിവാഹം കഴിപ്പിച്ചു. സംഭവത്തിൽ മിതലേഷിന്റെ പിതാവ് പൊലീസിൽ പരാതി നൽകി.
ജൂലൈ 2 നാണ് സംഭവം നടന്നത്. മിതലേഷിനെ കുറച്ച് പേർ ചേർന്ന് വീട്ടിൽ നിന്നും തട്ടിക്കൊണ്ട് പോകുകയായിരുന്നു. അമ്മാവൻ ശിവചന്ദ്ര മുഖിയയുടെ വീട്ടിലേക്കാണ് കൊണ്ടുപോയത്. ശിവചന്ദ്രയുടെ ഭാര്യ റിത ദേവിയുമായി മിതലേഷിന് ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു അക്രമികൾ മിതലേഷിനെ അമ്മാവൻ്റെ വീട്ടിലെത്തിച്ചത്.
അവിടെ നിന്ന് മിത്‍ലേഷിനെ പുറത്തിറക്കി നാട്ടുകാരുടെ മുന്നിൽ വച്ച് വടി കൊണ്ട് മർദിച്ചു. സംഭവമറിഞ്ഞ നാട്ടുകാരും ക്രൂരതയ്ക്ക് കൂട്ട് നിന്നു. പിന്നീട് റിത ദേവിയെയും അവിടേക്ക് എത്തിച്ചു. മിത്‍ലേഷിനെക്കൊണ്ട് ബലം പ്രയോഗിച്ച് റിത ദേവിയുടെ നെറ്റിയിൽ സിന്ദൂരം അണിയിച്ചു. അവിടേക്ക് എത്തിയ മിത്‍ലേഷിന്റെ മാതാപിതാക്കൾക്കും മർദനമേറ്റു.
ആക്രമണത്തിൽ മകന്റെ പുറത്തും കഴുത്തിനും കൈകൾക്കും ഗുരുതരമായി പരിക്കേറ്റുവെന്ന് പിതാവ് പരാതിയിൽ പറയുന്നു. പ്രദേശവാസികളിൽ ഒരാളാണ് വിവരം പൊലീസിനെ അറിയിച്ചത്. പൊലീസെത്തിയതോടെ അക്രമികൾ ഓടി രക്ഷപ്പെട്ടു. സംഭവത്തിൽ ഭീംപൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അക്രമികൾക്കായുള്ള തെരച്ചിലിലാണെന്ന് പൊലീസ് വ്യക്തമാക്കി. മർദനത്തിൽ പരിക്കേറ്റ മിതലേഷ് ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.