കഫേ ഉടമയുടെ ദുരൂഹമരണം: ഇൻഫ്ലുവൻസറായ കാമുകിക്കെതിരെ കൊലക്കുറ്റം; ദേഹത്ത് സിഗരറ്റ് കൊണ്ട് പൊള്ളിച്ച പാടുകൾ, അമ്മയുടെ വന്‍ വെളിപ്പെടുത്തല്‍

മകന് എന്താണ് സംഭവിച്ചതെന്ന് ചോദിച്ചപ്പോൾ തനിക്ക് ഒന്നും അറിയില്ലെന്ന് പറഞ്ഞ് ഇയാൾ മൃതദേഹം അവിടെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നുവെന്ന് രഞ്ജന ശർമ്മ ആരോപിച്ചു. തുടർന്ന് ശിവയെ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.
Mother of Lucknow cafe owner Shiva Sharma alleges he was brutally tortured and had cigarette burns before falling from a balcony. Influencer girlfriend booked for murder.
Influencer Girlfriend Accused of Murder; Burn Marks on Body, Alleges MotherNews Malayalam 24x7
Published on: 
Updated on: 

ലഖ്‌നൗ: ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ അപ്പാര്‍ട്ട്മെന്‍റ് ബാൽക്കണിയിൽ നിന്ന് വീണ് 27-കാരനായ കഫേ ഉടമ ശിവ ശർമ്മ മരിച്ച സംഭവത്തിൽ സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസറായ കാമുകി ശ്രദ്ധ ദുബെയ്ക്കും കൂട്ടാളികൾക്കുമെതിരെ കൂടുതൽ ഗുരുതര ആരോപണങ്ങളുമായി കുടുംബം. ഹസ്രത്ഗഞ്ചിലെ അവധ് ഗ്രീൻ അപ്പാർട്ട്‌മെന്റിന്റെ നാലാം നിലയിലെ ബാൽക്കണിയിൽ നിന്നാണ് ശിവ ശർമ്മ താഴേക്ക് വീണത്.

സംഭവത്തിന് പിന്നാലെ ശ്രദ്ധയെ ഫോണിൽ വിളിച്ചപ്പോൾ, ഡ്രൈവർ മകനെ ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ടെന്നാണ് മറുപടി നൽകിയതെന്ന് ശിവയുടെ അമ്മ രഞ്ജന ശർമ്മ പരാതിയിൽ പറയുന്നു. തുടർന്ന് ഡ്രൈവറുടെ ഫോൺ നമ്പറും ശ്രദ്ധ ഇവർക്ക് നൽകി. ഇതനുസരിച്ച് ലഖ്‌നൗവിലെ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റിയുടെ അത്യാഹിത വിഭാഗത്തിൽ എത്തിയപ്പോൾ അവിടെ ഒരു സ്വകാര്യ ആംബുലൻസ് നിർത്തിയിട്ടിരിക്കുന്നതാണ് കണ്ടത്. ആംബുലൻസിന് സമീപം നിന്ന ഡാനിഷ് എന്ന യുവാവ് ശ്രദ്ധയുടെ ഡ്രൈവറാണെന്ന് സ്വയം പരിചയപ്പെടുത്തി.

മകന് എന്താണ് സംഭവിച്ചതെന്ന് ചോദിച്ചപ്പോൾ തനിക്ക് ഒന്നും അറിയില്ലെന്ന് പറഞ്ഞ് ഇയാൾ മൃതദേഹം അവിടെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നുവെന്ന് രഞ്ജന ശർമ്മ ആരോപിച്ചു. തുടർന്ന് ശിവയെ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. യുവാവ് താഴേക്ക് വീണതിന് പിന്നിലെ സാഹചര്യങ്ങളും ആശുപത്രിയിലെത്തിക്കുന്നതിന് മുൻപ് എന്താണ് സംഭവിച്ചതെന്നതും പോലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.

കഴിഞ്ഞ നാല് മാസമായി മകന്റെ സ്വകാര്യ വീഡിയോകൾ പുറത്തുവിടുമെന്നും മാനഹാനി വരുത്തുമെന്നും ഭീഷണിപ്പെടുത്തി ശ്രദ്ധ ശിവയെ ബ്ലാക്ക്മെയില്‍ ചെയ്തുവരികയായിരുന്നുവെന്ന് അമ്മ ആരോപിച്ചു. ഈ ബന്ധം ശിവയ്ക്ക് കടുത്ത മാനസിക സമ്മർദ്ദമാണ് ഉണ്ടാക്കിയിരുന്നത്. ഈ കാലയളവിൽ മകനെ ക്രൂരമായി മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. മുൻപും ശിവയുടെ ശരീരത്തിൽ പരിക്കേറ്റ പാടുകൾ ശ്രദ്ധയിൽപ്പെട്ടിരുന്നുവെങ്കിലും ചോദിക്കുമ്പോഴെല്ലാം അവൻ ഒഴിഞ്ഞുമാറുകയായിരുന്നു. തന്നോടൊപ്പം തുടരണമെന്ന് നിർബന്ധിച്ച ശ്രദ്ധ, ആവശ്യങ്ങൾ അംഗീകരിക്കാത്തപ്പോഴൊക്കെ മകനെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും അവർ പറഞ്ഞു.

മരണത്തിന് 20-25 ദിവസങ്ങൾക്ക് മുൻപ് ഹസ്രത്ഗഞ്ചിലെ ഹനുമാൻ ക്ഷേത്രത്തിൽ വെച്ച് ശിവയും ശ്രദ്ധയും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ശിവ തന്നെയാണ് ഈ കൂടിക്കാഴ്ച സംഘടിപ്പിച്ചത്. ഇവരുടെ വിവാഹത്തെക്കുറിച്ച് സംസാരിച്ചപ്പോൾ ശ്രദ്ധ സമ്മതിക്കുകയും ഇരു കുടുംബങ്ങളുടെയും സമ്മതത്തോടെ ലളിതമായ ചടങ്ങ് നടത്താമെന്ന് താൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു. എന്നാൽ വിവാഹക്കാര്യം ചർച്ച ചെയ്തതിന് ശേഷം ശ്രദ്ധയുടെ പെരുമാറ്റം കൂടുതൽ അക്രമാസക്തമായി മാറുകയായിരുന്നുവെന്ന് രഞ്ജന ശർമ്മ വ്യക്തമാക്കുന്നു.

പിതാവിന്റെ ചരമവാർഷികത്തിനായി ശിവ വീട്ടിലെത്തിയ സമയത്തും ശ്രദ്ധ നിരന്തരം ഫോണിൽ വിളിച്ച് ശല്യപ്പെടുത്തിയിരുന്നു. തിരികെ എത്തിയില്ലെങ്കിൽ മോഷണക്കേസിൽ കുടുക്കുമെന്നും ഭീഷണിപ്പെടുത്തി. ശിവയുടെ വാരിയെല്ലുകളിലും തോളിലും കൈകളിലും തുടകളിലും സിഗരറ്റ് കൊണ്ട് പൊള്ളിച്ച പാടുകൾ ഉൾപ്പെടെ നിരവധി പരിക്കുകൾ ഉണ്ടായിരുന്നുവെന്നും അമ്മ ആരോപിച്ചു. താടിയെല്ലിന് ഗുരുതരമായ ക്ഷതമേറ്റിരുന്നു. കണ്ണുകളിൽ നിന്നും മൂക്കിൽ നിന്നും ചെവികളിൽ നിന്നും രക്തം വാർന്ന നിലയിലായിരുന്നു. മരണത്തിന് മുൻപ് മകൻ ക്രൂരമായ മർദ്ദനത്തിന് ഇരയായിട്ടുണ്ടെന്ന് ഈ മുറിവുകൾ വ്യക്തമാക്കുന്നതായി അമ്മ പരാതിയിൽ പറയുന്നു. കേസിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.

News Malayalam 24x7
newsmalayalam.com