
മഹാരാഷ്ട്രയില്‍ കാന്റീന്‍ ജീവനക്കാരനെ ശിവസേനാ ഷിന്‍ഡെ വിഭാഗം എംഎല്‍എ സഞ്ജയ് ഗെയ്ക്‌വാദ് ക്രൂരമായി മര്‍ദിച്ചു. ഗസ്റ്റ് ഹൗസിലെ ഭക്ഷണം മോശമാണെന്ന് ആരോപിച്ചാണ് കാന്റീന്‍ ജീവനക്കാരനെ കയ്യേറ്റം ചെയ്തത്. ഭക്ഷണത്തിന് നിലവാരമില്ലെന്ന് പറഞ്ഞാണ് തര്‍ക്കം തുടങ്ങിയത്. പിന്നാലെ പലവട്ടം കാന്റീന്‍ ജീവനക്കാരനെ എംഎല്‍എ മര്‍ദിക്കുകയായിരുന്നു. സംഭവത്തില്‍ എംഎല്‍എക്കെതിരെ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ആവശ്യപ്പെട്ടു.
മഹാരാഷ്ട്രയിലെ ബുല്‍ദാനിയില്‍ നിന്നുള്ള എംഎല്‍എ സഞ്ജയ് ഗെയ്ക്‌വാദ് ആണ്, എംഎല്‍എ ക്യാന്റീനിലെ ജീവനക്കാരനെ ക്രൂരമായി മര്‍ദിച്ചത്. മഹാരാഷ്ട്രാ നവനിര്‍മാണ്‍ സേനാ നേതാവിന്റെ മകന്‍ ഒരു സ്ത്രീയോട് അപമര്യാദയായി പെരുമാറുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞദിവസമാണ് പുറത്തുവന്നത്.
ക്യാന്റീന്‍ ജീവനക്കാരനെ തല്ലിയത് തെറ്റല്ലേയെന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് അതിലൊരു ഖേദവുമില്ല എന്നും ശിവസേനാ ഷിന്‍ഡെ വിഭാഗം എംഎല്‍എ പറഞ്ഞു. താന്‍ ഒരു നിയമസഭാംഗം മാത്രമല്ല ഒരു യോദ്ധാവ് കൂടിയാണെന്ന പ്രഖ്യാപനമാണ് ദേശീയമാധ്യമങ്ങള്‍ക്ക് മുന്നില്‍ ശിവസേനാ ജനപ്രതിനിധി നടത്തിയത്.
തനിക്ക് വിളമ്പിയ ഭക്ഷണത്തിന് ഗുണനിലവാരമില്ലെന്ന വാദത്തിനുപിന്നാലെയാണ് ഒരു നിയമസഭാംഗം പലതവണ ക്യാന്റീന്‍ ജീവനക്കാരനെ ആക്രമിച്ചത്. എംഎല്‍എയുടെ കൂടെയുണ്ടായിരുന്നവരും ജീവനക്കാരനെ ക്രൂരമായി മര്‍ദിച്ചു.
എംഎല്‍എ കാന്റീനിലെ ഭക്ഷണം കൊള്ളില്ലെന്ന പരാതി പലതവണ പറഞ്ഞിരുന്നതായി ബുല്‍ദാന്‍ എംഎല്‍എ വിശദീകരിക്കുന്നു. തന്റെ പരാതി ഗൗരവമായി കാണാത്തതുകൊണ്ടാണ് കയ്യാങ്കളിയിലേക്ക് പോയതെന്ന ന്യായീകരണവും എംഎല്‍എ നിരത്തുന്നു.
എന്തൊക്കെയാണെങ്കിലും ഒരു ജനപ്രതിനിധി ഇങ്ങനെയാണോ പെരുമാറേണ്ടത് എന്ന് ആവര്‍ത്തിച്ചു ചോദിച്ച മാധ്യമങ്ങളോട് ശിവസേനാ ഷിന്‍ഡെ വിഭാഗം എംഎല്‍എ പറഞ്ഞത് താന്‍ ഒരു ഗാന്ധിയനല്ല എന്നാണ്. പലതവണ ചൂണ്ടിക്കാണിച്ച തെറ്റ് ക്യാന്റീനില്‍ ആവര്‍ത്തിച്ചു. അതിക്രമത്തില്‍ ഒരു ഖേദവുമില്ല. താന്‍ ബാലാസാഹേബ് പഠിപ്പിച്ച ഭാഷ ഉപയോഗിച്ചുവെന്നും ജൂഡോ, ജിംനാസ്റ്റിക്, കരാട്ടെ, ഗുസ്തി എന്നിവയില്‍ ഒരു ചാമ്പ്യനായ താന്‍ ഇങ്ങനെയാണ് പ്രതികരിക്കേണ്ടതെന്നും എംഎല്‍എ പറഞ്ഞു.