ചാരിറ്റി പ്രവർത്തനത്തിന്റെ പേരിൽ ഹോട്ടലുകളിൽ നിന്ന് വലിയ അളവിൽ ബിരിയാണി വാങ്ങി പണം നൽകാതെ തട്ടിപ്പു നടത്തുന്ന പ്രതി പിടിയിൽ. പാലക്കാട് തൃത്താല കറുകപുത്തൂർ സ്വദേശി ഷെഹീർ കരീമാണ് പിടിയിലായത്. ഹോട്ടൽ ഉടമയുടെ വിശ്വാസ്യത പിടിച്ചുപറ്റിയായിരുന്നു ഇയാൾ തട്ടിപ്പ് നടത്തിയത്.
ഒരുമാസം മുമ്പ് ഷൊർണൂരിലെ അബ്ദുൽ ജബ്ബാറിന്റെ കടയിലെത്തി ഷെഹീർ കരീo ബിരിയാണി കഴിച്ചു. നല്ല ബിരിയാണി ആണെന്ന് പറഞ്ഞു കടയിൽ നിന്ന് പോയി. പിന്നെ പ്രത്യക്ഷപ്പെടുന്നത് കഴിഞ്ഞ മാസം മെയ് 26നാണ്. 350 ബിരിയാണി ഷെഹീർ ഓർഡർ ചെയ്തു. ചാരിറ്റി പ്രവർത്തനങ്ങൾക്കാണെന്ന് പറഞ്ഞ് കടയുടമയെ വിശ്വസിപ്പിച്ചായിരുന്നു ബിരിയാണിക്ക് ഓർഡർ നൽകിയത്.
ബിരിയാണി കൊണ്ടുപോകുന്നത് വരെ നല്ല പെരുമാറ്റം. എന്നാൽ പണം ചോദിക്കാനായി ഫോൺ വിളിച്ചപ്പോൾ എടുക്കുന്നില്ല. പല നമ്പറിൽ നിന്നും മാറി മാറി വിളിച്ചിട്ടും ഒരു പ്രതികരണവും ഇല്ല. 44,000 രൂപയാണ് കടയുടമയ്ക്ക് ലഭിക്കാൻ ഉള്ളത്. പറ്റിക്കപ്പെട്ടുവെന്നറിഞ്ഞതോടെ അബ്ദുൽ ജബ്ബാർ ഷൊ൪ണൂ൪ പൊലീസിൽ പരാതി നൽകി.
പൊലീസ് അന്വേഷണത്തിൽ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. ആശുപത്രിയിലെ കിടപ്പുരോഗികളുടെ പേരു വിവരങ്ങൾ ശേഖരിച്ച് അടുത്ത തട്ടിപ്പിനായി ഒരുങ്ങുന്നതിനിടെയായിരുന്നു അറസ്റ്റ്. ജില്ലയിൽ സമാനമായി പ്രതി തട്ടിപ്പു നടത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ ഷെഹീർ കരീമിനെ റിമാന്റ് ചെയ്തു.