

ഡൽഹി: രാജ്യതലസ്ഥാനത്ത് ഡൽഹി ബിജെപി സർക്കാരിലെ നിയമമന്ത്രി കപിൽ മിശ്രയുടെ ക്യാമ്പ് ഓഫീസിന് സമീപം ഉണ്ടായ വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടു. ബൈക്കിൽ എത്തിയ രണ്ടംഗ സംഘം ഒരു യുവാവിനെ വെടിവച്ച് കൊല്ലുകയായിരുന്നു. മുസ്തഫബാദ് സ്വദേശി സമീർ ആണ് കൊല്ലപ്പെട്ടത്. വടക്കു കിഴക്കൻ ഡൽഹിയിലെ ഖജൂരി ഖാസിലാണ് ഞെട്ടിക്കുന്ന സംഭവം.
കൊലപാതകം നടത്തിയ ശേഷം ബൈക്കിൽ രക്ഷപ്പെട്ട അക്രമികൾക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. സമീറിനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
സംഭവത്തിൽ ഏകദേശം 20 റൗണ്ട് വെടിവയ്പ്പ് നടന്നതായി പ്രദേശവാസിയായ ബ്രജേഷ് ശർമ മാധ്യമപ്രവർത്തകരോട് പറഞ്ഞു. "ഡൽഹിയിലെ ഒരു മന്ത്രിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന പ്രധാന റോഡാണിത്. ഇവിടെ ഏകദേശം 20 റൗണ്ട് വെടിവയ്പ്പ് നടന്നു, ഒരാൾക്ക് വെടിയേറ്റു. അദ്ദേഹത്തെ ഇവിടെ നിന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയി, അദ്ദേഹത്തിൻ്റെ അവസ്ഥ എന്താണെന്ന് എനിക്കറിയില്ല. പക്ഷേ ഇത് ക്രമസമാധാനത്തിലെ ഗുരുതരമായ വീഴ്ചയാണ്. ഈ പ്രദേശത്ത് ഇത്തരത്തിലുള്ള നാലാമത്തെ സംഭവമാണിത്. എന്തായിരുന്നു ലക്ഷ്യമെന്നോ അക്രമികൾ ആരാണെന്നോ ഞങ്ങൾക്ക് അറിയില്ല," ബ്രജേഷ് ശർമ പറഞ്ഞു.
അക്രമികളെ തിരിച്ചറിയുന്നതിനും അവർ രക്ഷപ്പെട്ട വഴി കണ്ടെത്തുന്നതിനുമായി പൊലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. സംഭവത്തെ തുടർന്ന് പൊലീസ് സംഘങ്ങൾ സ്ഥലത്തെത്തി. ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാൻ ക്രൈം സംഘത്തെയും ഫോറൻസിക് സയൻസ് ലബോറട്ടറി (എഫ്എസ്എൽ) സംഘത്തെയും നിയോഗിച്ചിരുന്നു.