തമിഴ്‌നാട്ടിൽ ഭാര്യയെയും ആൺസുഹൃത്തിനെയും 60കാരൻ കഴുത്തറുത്ത് കൊലപ്പെടുത്തി . അറുത്തെടുത്ത തലകളുമായി പ്രതി പൊലീസിൽ കീഴടങ്ങി. കള്ളക്കുറിച്ചി മലൈക്കൊട്ടാലത്താണ് നാടിനെ നടുക്കിയ സംഭവം. മരംവെട്ടു തൊഴിലാളിയായ കോലാഞ്ചിയാണ് ഭാര്യ ലക്ഷമിയെയും ആൺസുഹൃത്തായ തങ്കരാജുവിനെയും കൊലപ്പെടുത്തിയത്. കോലാഞ്ചിയുടെ രണ്ടാം ഭാര്യയായിരുന്നു ലക്ഷ്മി.
ലക്ഷ്മിയും തങ്കരാജും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് സംശയമുണ്ടായിരുന്ന കോലാഞ്ചി ദൂരസ്ഥലത്തേക്ക് ജോലിക്കുപോക്കുന്നുവെന്ന് പറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങുകയായിരുന്നു. തിരികെയെത്തിയപ്പോൾ ഇരുവരെയും സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതോടെ അരിവാൾ ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് അറുത്തെടുത്ത തലകൾ ബാഗിലാക്കി 150 കിലോമീറ്റർ അകലെയുള്ള വെല്ലൂർ സെൻട്രൽ ജയിലിൽ എത്തി കീഴടങ്ങി.
വെല്ലൂരിൽ കീഴടങ്ങിയ പ്രതിയെ ജയിൽ അധികൃതർ ജില്ലാ പൊലീസ് അധികൃതർക്ക് കൈമാറി. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ പൊലീസ് കണ്ടെടുത്തു. കല്ലക്കുറിച്ചി പൊലീസ് കസ്റ്റഡിയിലെടുത്ത കോലാഞ്ചിയെ ഗ്രാമത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇരട്ടക്കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്തത പൊലീസ്, കേസിൽ വിശദമായ അന്വേഷണം നടത്തുമെന്ന് അറിയിച്ചു. കസ്റ്റഡിയിലെടുത്ത കോലാഞ്ചിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.