
ബെംഗളൂരു: ബസ് സ്റ്റാന്‍ഡില്‍ വെച്ച് യുവതിയെ ഭര്‍ത്താവ് 12 വയസുള്ള മകളുടെ മുന്നില്‍ വെച്ച് വെട്ടിക്കൊലപ്പെടുത്തി. രേഖയെന്ന 28കാരിയാണ് കൊല്ലപ്പെട്ടത്.
രേഖയും ലോകേഷും മൂന്ന് മാസം മുമ്പാണ് വിവാഹിതരായത്. രേഖയ്ക്ക് നേരത്തെയുള്ള വിവാഹത്തില്‍ രണ്ട് മക്കളുണ്ട്. ഇരുവരുടെയും രണ്ടാം വിവാഹമാണ്. വിവാഹ ശേഷം ബെംഗളൂരുവിലേക്ക് മാറിയ ലോകേഷിന് രേഖയാണ് താന്‍ ജോലി ചെയ്യുന്ന കോള്‍ സെന്ററില്‍ ഡ്രൈവറായി ജോലിക്ക് കയറ്റുന്നത്.
എന്നാല്‍ ഏറെ താമസിക്കാതെ യുവാവിന്റെ പെരുമാറ്റത്തില്‍ വ്യത്യാസം വരികയും മറ്റൊരാളുമായി ബന്ധമുണ്ടെന്ന തരത്തില്‍ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ തുടങ്ങുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു.
കഴിഞ്ഞ ദിവസം രാവിലെ മകളുമൊത്ത് ബസ് സ്റ്റാന്‍ഡില്‍ നില്‍ക്കവെയാണ് ലോകേഷ് കത്തിയുമായി യുവതിക്ക് നേരെ പാഞ്ഞടുത്തത്. 12 തവണയോളം ഇയാള്‍ ഭാര്യയെ കുത്തി. പിന്നാലെ സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു. യുവതിയെ ഉടന്‍തന്നെ നാട്ടുകാര്‍ ചേര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗുരുതരമായ പരിക്കേറ്റ യുവതി മരിക്കുകയായിരുന്നു.
സംഭവത്തില്‍ കാമാക്ഷിപാല്യ പൊലീസ് സ്റ്റേഷനില്‍ കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതിയെ പിടിക്കാനുള്ള അന്വേഷണം നടന്നുവരികയാണ്.