യുഎസ്: മിനിയാപോളിസ് സ്കൂളിൽ കുട്ടികൾക്ക് നേരെയുണ്ടായ വെടിവെപ്പിനെ കുറിച്ചുള്ള അന്വേഷണത്തിൽ അക്രമിയെ കുറിച്ച് ഞെട്ടിക്കുന്ന കണ്ടെത്തലുകളാണ് പുറത്തുവരുന്നത്. 23കാരിയായ അക്രമിയുടെ മനസ് നിറയെ വെറുപ്പ് മാത്രമായിരുന്നു എന്നാണ് അവരുടെ എഴുത്തുകളും നിരവധി ഓൺലൈൻ വീഡിയോകളും പരിശോധിച്ചതിൽ നിന്നും അന്വേഷണ ഉദ്യോഗസ്ഥർക്ക് വ്യക്തമായത്.
"അക്രമിക്ക് എന്തിനോടും ഏതിനോടും വെറുപ്പായിരുന്നു. അവർക്ക് കുട്ടികളെ കൊല്ലുക എന്ന ആശയം വലിയ ആനന്ദമായിരുന്നു. എല്ലാ വിഭാഗങ്ങളോടും വെറുപ്പായിരുന്നു. മെക്സിക്കൻ, ക്രിസ്ത്യൻ, ജൂത വിഭാഗങ്ങളോടൊക്കെ അവർക്ക് വെറുപ്പായിരുന്നു," മിന്നസോട്ട യുഎസ് അറ്റോർണി ജോസഫ് തോംസൺ മാധ്യമങ്ങളോട് പറഞ്ഞു. "അവർക്ക് ആകെ വെറുപ്പില്ലാതിരുന്നത് രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധരായ സ്കൂൾ വെടിവെപ്പുകാരോടും കൂട്ടക്കൊലപാതകികളോടും മാത്രമായിരുന്നു. അവരോട് അക്രമിക്ക് വലിയ ആരാധനയായിരുന്നു," ജോസഫ് തോംസൺ വിശദീകരിച്ചു. അക്രമിയുടെ എഴുത്തുകളിൽ ട്രംപിനെ കൊലപ്പെടുത്തണം, ഇസ്രയേൽ കത്തിക്കണം തുടങ്ങിയ കാര്യങ്ങളും എഴുതിയിരുന്നു.
കഴിഞ്ഞ ദിവസമാണ് സ്കൂളിൽ കുട്ടികളുടെ പ്രാർഥന ചടങ്ങുകൾ നടക്കുന്നതിനിടെ വെടിവെപ്പുണ്ടായത്. അതിൽ എട്ടും പത്തും വയസായ രണ്ട് കുട്ടികൾ മരണപ്പെട്ടിരുന്നു. 15ഓളം കുട്ടികൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 80കളിലുള്ള മൂന്ന് പേർക്കും ആക്രമണത്തിൽ പരിക്കേറ്റിരുന്നു. ആക്രമണത്തിന് പിന്നാലെ അക്രമി സ്വയം വെടിയുതിർത്ത് ജീവനൊടുക്കുകയും ചെയ്തിരുന്നു. പരിക്കേറ്റതിൽ ഒരു കുട്ടിയുടെയും ഒരു മുതിർന്ന ആളുടെയും നില ഗുരുതരമാണ്.
അക്രമി വെടിവപ്പിനുപയോഗിച്ച തോക്കുകളും വെടിയുണ്ടകളും പ്രദേശത്ത് നിന്ന് പൊലീസ് കണ്ടെടുത്തു. ക്രിമിനൽ റെക്കോർഡുകളില്ലാത്ത അക്രമി അടുത്തിടെയാണ് മൂന്ന് തോക്കുകളും നിയമപരമായി സ്വന്തമാക്കിയത്. 23കാരിയായ ആക്രമി 2020ൽ പേര് മാറ്റിയിരുന്നു. ഇവർ ട്രാൻസ് വിമൻ ആണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.