കൊച്ചി: പങ്കാളിയെ ക്രൂരമായി മർദിച്ച യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി ഗോപു പരമശിവനെതിരെ കൂടുതൽ പരാതി. കബളിപ്പിച്ച് പണം തട്ടിയെന്ന പരാതിയുമായി ബിജെപി കോൾ സെന്റർ മുൻ ജീവനക്കാരി രംഗത്ത്. പരാതി നൽകിയതോടെ കോൾ സെന്ററിലെ ജോലി നഷ്ടപ്പെട്ടെന്നും ആരോപണം. അറസ്റ്റിലായ ഗോപു പരമശിവനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. മരട് പൊലീസ് പ്രതിയെ കസ്റ്റഡിയിൽ ആവശ്യപ്പെടും.
അതേസമയം, പങ്കാളിക്ക് ഗോപു പരമശിവനിൽ നിന്ന് നേരിടേണ്ടി വന്നത് ക്രൂരപീഢനമെന്ന് കണ്ടെത്തൽ. യുവതിയെ ഇരുമ്പ് കമ്പി കൊണ്ടും മർദിച്ചതായി കണ്ടെത്തി. കഴിഞ്ഞ ദിവസമാണ് മരടിൽ യുവതിയെ മൃഗീയമായി മർദിച്ച ഗോപു പരമശിവൻ അറസ്റ്റിലായത്. ക്രൂരമായ മർദനത്തിനിരയായ യുവതിയുടെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് അറസ്റ്റ്.