

മുംബൈ: മുഹറം ഘോഷയാത്രയ്ക്കിടയില്‍ ജനങ്ങള്‍ക്ക് വിഷ ഗുളിക വിതരണം ചെയ്ത ഫയ്യാസ് പ്രേംജിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ഭാര്യ പിണങ്ങിപ്പോയതിന് പ്രതികാരമായിട്ടാണ് ജനങ്ങളെ കൂട്ടത്തോടെ കൊല്ലാന്‍ തീരുമാനിച്ചതെന്നാണ് ഇയാള്‍ പൊലീസിനോട് വെളിപ്പെടുത്തിയത്.
രണ്ട് വര്‍ഷം മുമ്പാണ് പ്രേംജിയുടെ ഭാര്യ വേര്‍പിരിഞ്ഞു പോയത്. ഇതില്‍ നിരാശനായി ലോകത്തോട് മുഴുവന്‍ പ്രതികാരം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് പ്രേംജിയുടെ വാദം. മുഹറം ഘോഷയാത്രയില്‍ പങ്കെടുത്തവര്‍ക്ക് വിഷ ഗുളിക നല്‍കി 15000 ഓളം പേരെ കൊല്ലാനാണ് ഇയാള്‍ പദ്ധതിയിട്ടത്.
പൂനെ വിമന്‍നഗര്‍ സ്വദേശിയാണ് ഫയ്യാസ് പ്രേംജി. തന്റെ ദാമ്പത്യ ജീവിതം തകരാന്‍ ലോകം മുഴുവന്‍ ഗൂഢാലോചന നടത്തിയെന്നാണ് ഇയാള്‍ വിശ്വസിച്ചിരുന്നത്. ഘോഷയാത്രക്കിടെ ജനക്കൂട്ടത്തെ കൊന്ന് പ്രതികാരം ചെയ്യാന്‍ ഇയാള്‍ ആഗ്രഹിച്ചിരുന്നതായി പൊലീസ് പറയുന്നു.
ശനിയാഴ്ച രാത്രി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ട് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. പ്രേംജിയുടെ മാനസികാരോഗ്യത്തെ കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇയാള്‍ മാനസിക രോഗത്തിന് ചികിത്സ തേടിയിട്ടുണ്ടോ എന്ന് അന്വേഷിച്ചുവരികയാണ്. ചോദ്യം ചെയ്യലില്‍ പ്രതിയുടെ മാനസികനില തകരാറിലാണെന്നാണ് മനസ്സിലാകുന്നതെന്ന് ബൈക്കുള പൊലീസ് സ്റ്റേഷനിലെ സീനിയര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ദീപക് സാവന്ത് അറിയിച്ചു.
ഫയ്യാസ് പ്രേംജിയുടെ പിതാവിനേയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്. ഇയാളുടെ അമ്മയും സഹോദരിയും ഇറാനിലാണ്.
എലിവിഷത്തിലും മറ്റ് കീടനാശിനികളിലും ഉപയോഗിക്കുന്ന സിങ്ക് ഫോസ്‌ഫൈഡ് എന്ന രാസസംയുക്തമാണ് ഇയാള്‍ ഗുളികയില്‍ ചേര്‍ത്തിരുന്നത്. ബിബിഎ ബിരുദധാരിയായ പ്രേംജിക്ക് എങ്ങനെയാണ് മാരകമായ ഈ സംയുക്തം കിട്ടിയെന്നതടക്കം പൊലീസ് അന്വേഷിക്കുന്നുണ്ട്. ആയിരക്കണക്കിന് ഗുളികകളിലാണ് പ്രേംജി വിഷം ചേര്‍ത്തത്.
മുഹറം ദിവസമായ വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. ഡോംഗ്രിയിലെ നൂര്‍ ബാഗില്‍ നിന്ന് ആരംഭിച്ച ഘോഷയാത്രയില്‍ പങ്കെടുത്തവര്‍ക്ക് ഫയ്യാസ് പ്രേംജി ഗുളികകള്‍ വിതരണം ചെയ്യുകയായിരുന്നു. പെയിന്‍കില്ലര്‍ എന്ന് പറഞ്ഞാണ് ഗുളിക വിതരണം ചെയ്തത്.
സല്‍മാന്‍ സയ്യദ് എന്നയാളാണ് പരാതി നല്‍കിയത്. ഘോഷയാത്രയ്ക്കിടെ വിശ്രമിക്കാന്‍ ഇടവേളയെടുത്ത സമയത്ത് ബുര്‍ഖ ധരിച്ചെത്തിയ സ്ത്രീ പെയിന്‍കില്ലര്‍ എന്ന് പറഞ്ഞ് ഗുളിക നല്‍കി എന്നായിരുന്നു പരാതി. ഘോഷയാത്രയില്‍ പങ്കെടുക്കുന്നവര്‍ക്ക് സംഘാടകര്‍ ഭക്ഷണവും വെള്ളവും ജ്യൂസും മരുന്നുമൊക്കെ വിതരണം ചെയ്യുന്നത് സാധാരണയായതിനാല്‍ സംശയം തോന്നിയില്ല.
ഗുളിക കഴിഞ്ഞ സല്‍മാന്‍ സയ്യിദ് അടക്കം നിരവധി പേര്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവ സ്ഥലത്തു നിന്ന് കസ്റ്റഡിയിലെടുത്ത പ്രേംജിയെ വിവരങ്ങള്‍ ചോദിച്ചറിഞ്ഞ് പൊലീസ് ആദ്യം വിട്ടയച്ചിരുന്നു.
എന്നാല്‍, അന്നേ ദിവസം രാത്രിയോടെ പലരുടേയും ആരോഗ്യനില വഷളായതോടെ, പൊലീസ് പരിശോധന ശക്തമാക്കി. ഡോംഗ്രിയിലെ ഗസ്റ്റ്ഹൗസില്‍ നിന്നാണ് ഫയ്യാസ് പ്രേംജിയെ അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കല്‍ നിന്ന് വിഷം കലര്‍ത്തിയ 14,900 ഗുളികകളും പൊലീസ് കണ്ടെത്തി.
സിങ്ക് ഫോസ്‌ഫൈഡ് ശരീരത്തിനുള്ളിലാകുകയോ ശ്വസിക്കുകയോ ചെയ്താല്‍ അത് വയറ്റിലെ ആസിഡുകളുമായി പ്രതിപ്രവര്‍ത്തിച്ച് ഫോസ്ഫീന്‍ വാതകം പുറത്തുവിടും. വാതകം രക്തത്തില്‍ കലര്‍ന്നാല്‍ ഓക്‌സിജന്റെ അളവ് ക്രമാതീതമായി കുറയുന്നതിനും കാരണമാകും. ഇതോടെ, ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം നിലക്കുന്നതിലേക്കും എത്തുന്നു. ഇത് മരണത്തിന് വരെ കാരണമാകും.
പൂനെയില്‍ പിതാവിനൊപ്പം പെയിന്റ് നിര്‍മാണ കമ്പനിയിലാണ് ഫയ്യാസ് പ്രേംജി ജോലി ചെയ്യുന്നത്. ഇയാളില്‍ നിന്ന് പിടിച്ചെടുത്ത മരുന്നുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. നേരത്തേ ഇറാഖിലും ഇറാനിലും ഇയാള്‍ ജോലി ചെയ്തിട്ടുണ്ട്.