എറണാകുളം: മലയാറ്റൂരിലെ ചിത്രപ്രിയ (19) യുടെ കൊലപാതകത്തിൽ പ്രതി അലൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതി അലനെ ഉടൻ കോടതിയിൽ ഹാജരാക്കും.
കേസിൽ പൊലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത ആൺസുഹൃത്ത് അലൻ ചിത്രപ്രിയയെ കൊലപ്പെടുത്തിയതാണ് എന്ന് സമ്മതിക്കുകയായിരുന്നു. ഇന്നലെ മുതൽ നടത്തിയ ചോദ്യം ചെയ്യലിനൊടുവിലാണ് പ്രതി അലൻ കുറ്റസമ്മതം നടത്തിയത്. ചിത്രപ്രിയയെ ശനിയാഴ്ച മുതൽ കാണാതായിരുന്നു. അതേസമയം, മരണപ്പെട്ട ദിവസം പെൺകുട്ടിയെ യുവാവിനൊപ്പം കണ്ടെന്ന് നാട്ടുകാർ പറഞ്ഞിരുന്നു. ഇത് സാധൂകരിക്കുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നു.
ചിത്രപ്രിയയുടെ ശരീരത്തിലും തലയിലും മർദനമേറ്റ പാടുകളും, തലയില്‍ കല്ലുപയോഗിച്ച് മര്‍ദിച്ച പാടുകളും കണ്ടെത്തിയിരുന്നു. ചൊവ്വാഴ്ച സെബിയൂരിലെ ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസും വീട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.