
ഉത്തർപ്രദേശ്: ഗ്രേറ്റർ നോയിഡയിലെ സ്ത്രീധന കൊലപാതകത്തിൽ വീണ്ടും അറസ്റ്റ്. പ്രതി വിപിൻ ഭാട്ടിയുടെ സഹോദരൻ രോഹിത് ഭാട്ടിയെയും പിതാവ് സത്വീറിനെയും പൊലീസ് അറസ്റ്റ് ചെയ്തു. വിപിൻ ഭാട്ടിയും അമ്മ ദയ ഭാട്ടിയയും ഞായറാഴ്ച തന്നെ അറസ്റ്റിലായിരുന്നു. ഇതോടെ കേസിലെ മുഴുവൻ പ്രതികളെയും പിടികൂടിയിരിക്കുകയാണ് പൊലീസ്.
യുപി ഗ്രേറ്റർ നോയിഡയിൽ 36 ലക്ഷം സ്ത്രീധനം നൽകാത്തതിന്റെ പേരിൽ നിക്കിയെന്ന യുവതിയെ തീ കൊളുത്തി കൊന്ന സംഭവത്തിലാണ് ഇപ്പോൾ മുഴുവൻ പ്രതികളെയും പിടികൂടിയിരിക്കുന്നത്. ഭർതൃവീട്ടുകാരുടെ ഗൂഢാലോചനയാണ് കൊലപാതകത്തിന് പിന്നിലെന്ന് നിക്കിയുടെ കുടുംബം ആരോപിച്ചിരുന്നു. അമ്മയെയും ഭർത്താവിനെയും അറസ്റ്റ് ചെയ്തെങ്കിലും, പിതാവും സഹോദരനും ഒളിവിൽ പോയിരുന്നു. പിന്നാലെ നടത്തിയ പരിശോധനയിലാണ് ഇരുവരെയും പൊലീസ് പിടികൂടിയത്.
2016ലായിരുന്നു നിക്കിയുടെയും വിപിന്റെയും വിവാഹം . നിക്കിയുടെ സഹോദരി കാഞ്ചനും വിപിന്റെ സഹോദരനുമായുള്ള വിവാഹവും അന്ന് തന്നെ നടന്നു. വിവാഹം കഴിഞ്ഞ് ആറ് മാസം മുതൽ തന്നെ താനും നിക്കിയും സ്ത്രീധന പീഡനം അനുഭവിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ഭർതൃവീട്ടുകാർക്കെതിരെ കാഞ്ചനും മൊഴി നൽകിയിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് നിക്കിയെ ഭർത്താവ് വിപിൻ ഭാട്ടിയും വീട്ടുകാരും ചേർന്ന് ക്രൂരമായി മർദിച്ച ശേഷം തീ കൊളുത്തി കൊന്നത്. അച്ഛനും മുത്തശ്ശിയും ചേർന്നാണ് അമ്മയെ കൊലപ്പെടുത്തിയതെന്ന് ഭീകരതയ്ക്ക് സാക്ഷിയായ നിക്കിയുടെ ഇളയമകൻ പൊലീസിനോട് പറഞ്ഞു. അമ്മയുടെ ദേഹത്തേക്ക് എന്തോ ഒഴിച്ചതിന് ശേഷം ലൈറ്റർ വെച്ച് കത്തിച്ചെന്നാണ് കുട്ടി പറയുന്നത്.
കൊലപാതകത്തിന് പിന്നിൽ വിപിന്റെ കുടുംബത്തിന്റെ കൂട്ടായ ഗൂഢാലോചനയാണെന്ന് നിക്കിയുടെ കുടുംബം ആരോപിക്കുന്നു. ക്രൂര കൊലപാതകം നടത്തിയവരെയെല്ലാം വെടിവെച്ച് കൊല്ലണമെന്ന് നിക്കിയുടെ പിതാവ് ബിക്കാരി സിങ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് ആവശ്യപ്പെട്ടു.