പാലക്കാട്: വടക്കഞ്ചേരിയിൽ യുവതി ഭ൪തൃവീട്ടിൽ തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവ് റിമാൻഡിൽ. മരിച്ച നേഘയുടെ ഭർത്താവ് ആലത്തൂ൪ തോണിപ്പാടം സ്വദേശി പ്രദീപിനെയാണ് ആലത്തൂർ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. പ്രദീപിനെതിരെ കഴിഞ്ഞ ദിവസം ആത്മഹത്യാപ്രേരണകുറ്റം ചുമത്തി കേസെടുത്തിരുന്നു.
അതേസമയം, നേഘയുടെ മരണത്തില്‍ ഡിവൈഎസ്പിക്ക് അന്വേഷണച്ചുമതല നല്‍കി. ആലത്തൂ൪ ഡിവൈഎസ്പി എൻ. മുരളീധരന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കേസ് അന്വേഷിക്കും. ജില്ലാ പൊലീസ് മേധാവി അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം വിളിച്ചു ചേർത്തിരുന്നു. നേഘയുടെ അമ്മയുടേയും ബന്ധുക്കളുടേയും മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തി.
ബുധനാഴ്ച രാത്രി 10 മണിക്ക് വീട്ടിലേക്ക് വിളിച്ച് സംസാരിച്ച നേഘ നാളെ വിളിക്കാം എന്ന് പറഞ്ഞാണ് ഫോൺ വച്ചത്. അന്നേ ദിവസം രാത്രി 12.20 ഓടെ നേഘ കുഴഞ്ഞു വീണെന്ന് ഭർത്താവ് പ്രദീപ് ഫോണിലൂടെ നേഘയുടെ കുടുംബത്തെ അറിയിച്ചു.
നേഘയെ ആശുപത്രിയിൽ എത്തിച്ചതിനുപിന്നാലെ ഡോക്ടർമാർക്ക് അസ്വാഭിവകത തോന്നുകയും പൊലീസിൽ വിവരമറിയിക്കുകയുമായിരുന്നു . പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ നേഘയുടേത് തൂങ്ങിമരണം എന്നാണ് പറയുന്നത്. പൊലീസ് പ്രദീപിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. തുടർന്ന് പ്രദീപിനെതിരെ പൊലീസ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി.