
ചെന്നൈയിൽ കുട്ടികളെ കടത്തുന്ന സംഘത്തെ പൊലീസ് പിടികൂടി. പ്രദേശവാസിയുടെ രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ രഹസ്യ ഓപ്പറേഷനിൽ 2 വയസ്സുകാരി ഉൾപ്പെടെ രണ്ട് കുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി. മൂന്ന് സ്ത്രീകളെ കസ്റ്റഡിയിലെടുത്ത ശേഷം അറസ്റ്റ് ചെയ്തു.
12 ലക്ഷം രൂപയ്ക്ക് ആൺകുഞ്ഞിനെ വിൽക്കാനുണ്ടെന്ന് അജ്ഞാത സത്രീ അറിയിച്ചതായി ചെന്നൈ സ്വദേശി കാർത്തിക് പൊലീസിനോട് വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. പൊലീസിൻ്റെ നിർദേശ പ്രകാരം കാർത്തിക് സംഘത്തിലെ യുവതിയുമായി സംസാരിക്കുകയും, കുഞ്ഞിനെ വാങ്ങാന്‍ തയാറാണെന്ന് അറിയിക്കുകയും ചെയ്തു. കുട്ടിയെ കൈമാറാൻ എത്തുന്നതിനിടെ പിടികൂടുകയായിരുന്നു. വിദ്യ എന്ന സ്ത്രീയാണ് സ്കൂട്ടറിൽ കുഞ്ഞുമായെത്തിയത്.
ചോദ്യം ചെയ്യലിൽ യുവതി നൽകിയ വിവരത്തെ തുടർന്ന് അമ്പത്തൂരിനടുത്തുള്ള ഒരു വീട്ടിൽ നിന്ന് കൂട്ടുപ്രതികളായ രതി ദേവി (39) യെയും ദീപയെയും പൊലീസ് പിടികൂടി. ഇരുവരെയും ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം ശക്തമാക്കി.
ഭർത്താവിൽ നിന്ന് പിരിഞ്ഞ് താമസിക്കുന്ന രതീദേവി സാമ്പത്തികമായി വളരെ മോശം അവസ്ഥയിൽ ആയതിനാലാണ് വിദ്യയെയും ദീപയെയും കൂട്ടുപിടിച്ച് കുഞ്ഞിനെ വിൽക്കാൻ തീരുമാനിച്ചതെന്ന് പൊലീസ് പറഞ്ഞു.12 ലക്ഷം രൂപയായിരുന്നു കുഞ്ഞിന് അവർ വിലയിട്ടത്. കാണാതായ മറ്റു കുഞ്ഞുങ്ങളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുമോയെന്ന് അറിയാന്‍ ഇവരെ കൂടുതൽ ചോദ്യ ചെയ്ത് വരികയാണ്. ഇവരിൽ നിന്ന് രക്ഷപ്പെടുത്തിയ കുഞ്ഞിനെ ശിശുക്ഷേമ വകുപ്പിലേക്ക് കൈമാറിയെന്നും പൊലീസ് അറിയിച്ചു.