തൃശൂർ: എരുമപ്പെട്ടിയിൽ ആൾതാമസമില്ലാത്ത വീടിന്റെ തറ പൊളിച്ചപ്പോൾ അസ്ഥികൂടം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന നിഗമനത്തിൽ പൊലീസ്. നടന്നത് ദൃശ്യം മോഡൽ കൊലപാതകം എന്നാണ് സൂചന. മരിച്ച സ്ത്രീയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പ്രതിയെന്ന് സംശയിക്കുന്ന 66കാരൻ കഴിഞ്ഞ ഓഗസ്റ്റിൽ മരണപ്പെട്ടിരുന്നു. മരം വെട്ട് ജോലി ചെയ്തിരുന്ന ഇയാൾ ഈ വാടകവീട്ടിൽ നിന്നും താമസം മാറിപ്പോയത് മൂന്ന് വർഷം മുൻപാണ്. വർഷങ്ങളായി വാടകയ്ക്ക് നൽകുകയായിരുന്ന വീട്ടിൽ ഇതുവരെ താമസിച്ചിട്ടുള്ളവരെ കേന്ദ്രീകരിച്ചും അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം.
മൂന്നു വിവാഹം കഴിച്ച 66കാരൻ്റെ എല്ലാ ഭാര്യമാരും ജീവനോടെ ഉണ്ട്. കണ്ടെടുത്ത അസ്ഥികൂടത്തിലെ തലയ്ക്ക് പരിക്കാണ്. കഴിഞ്ഞ ഞായറാഴ്ച ആണ് അസ്ഥികൂടം കണ്ടെത്തിയത്. മണ്ണിട്ട് മൂടിയ കുഴി, മണ്ണ് കുഴച്ച് തേച്ച് അടച്ച നിലയിൽ ആയിരുന്നു. പരിശോധനയിലാണ് അസ്ഥികൂടം സ്ത്രീയുടേതാണ് എന്ന് തെളിഞ്ഞത്. 40നും 45നും ഇടയിൽ പ്രായമുള്ള 153 സെന്റീമീറ്റർ ഉയരമുള്ള സ്ത്രീയുടേതെന്നാണ് കണ്ടെത്തൽ. പായയിൽ പൊതിഞ്ഞ നിലയിൽ ഉണ്ടായിരുന്ന അസ്ഥികൂടത്തിനൊപ്പം കണ്ടെത്തിയ ഏലസ്സിൽ അറബി വാക്കുകൾ എഴുതിയിട്ടുണ്ട്. ഈ വിവരങ്ങളുടെയൊക്കെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
എട്ടുവർഷത്തിനിടെ വീട്ടിൽ വാടകയ്ക്ക് താമസിച്ചിട്ടുള്ളത് 6 കുടുംബങ്ങളാണ്. പലപ്പോഴായി ഇതര സംസ്ഥാന തൊഴിലാളികളും വാടകയ്ക്കെത്തിയിട്ടുണ്ട്. ആദ്യം ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയിരുന്നുവെങ്കിലും, കൃത്യത്തിന് പിന്നിൽ മലയാളി തന്നെ എന്നാണ് പൊലീസ് നിഗമനം. ഇവിടെ പലപ്പോഴായി വാടകയ്ക്ക് എത്തിയ സ്ത്രീകൾ നിലവിൽ എവിടെയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. കുന്നംകുളം എസിപിക്കാണ് കേസിന്റെ അന്വേഷണ ചുമതല.