എറണാകുളം: കോതമംഗലത്ത് കൗമാരക്കാരനെ പെൺസുഹൃത്തിൻ്റെ പിതാവും കൂട്ടാളികളും ചേർന്ന് മർദിച്ചതിന് പിന്നിൽ ഗൂഢാലോചനയെന്ന് പൊലീസ്. 17 കാരനെ വിളിച്ച് വരുത്തി മർദിച്ചത് കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണെന്ന് പൊലീസ് പറയുന്നു. 17 വയസുകാരന് പെൺകുട്ടിയുമായി ഉണ്ടായിരുന്ന സൗഹൃദമാണ് തട്ടികൊണ്ട് പോയി മർദിക്കുന്നതിന് കാരണമായത്. സംഭവത്തിൽ പെൺകുട്ടിയുടെ പിതാവ് ഉൾപ്പെടെ നാല് പേരെ കോതമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് 17കാരനായ വിദ്യാർഥിയെ പെൺസുഹൃത്തിന്റെ പിതാവും സുഹൃത്തുക്കളും ചേർന്ന് ക്രൂരമായി മർദിച്ചത്. കുട്ടിയെ കൊലപ്പെടുത്താനായിരുന്നു സംഘത്തിൻ്റെ ഉദ്ദേശം. എന്നാൽ കൂട്ടത്തിൽ ഒരാളുടെ പക്കൽ നിന്ന് തട്ടിക്കൊണ്ടുപോയെന്ന വിവരം ചോർന്നിരുന്നു. ഇതോടെയാണ് കുട്ടിയെ തിരികെ വീട്ടിൽ വിട്ടതെന്ന് പൊലീസ് വ്യക്തമാക്കുന്നു.
മകളുടെ ഫോണിലൂടെ ചാറ്റ് ചെയ്തുകൊണ്ടാണ് പിതാവും സുഹൃത്തുക്കളും 17കാരനെ വീട്ടിൽ നിന്നു പുറത്തേക്ക് വിളിച്ചിറക്കിയത്. പിന്നാലെ കാറിൽ കയറ്റി കൊണ്ടുപോയി വാടകവീട്ടിൽ എത്തിച്ച് ക്രൂരമായി മർദിച്ചു. വടികൊണ്ട് പൊതിരെ തല്ലിയെന്നും, നിലത്തിട്ട് ചവിട്ടിയെന്നുമാണ് കുട്ടി പൊലീസിൽ നൽകിയ മൊഴി.