എറണാകുളം: കൊച്ചിയിൽ നാല് വയസുകാരിയോട് അമ്മ കൊടുംക്രൂരത കാണിച്ച സംഭവത്തിൽ കുട്ടിയുടെ അച്ഛനെയും പൊലീസ് പ്രതി ചേർക്കും. കുട്ടിയെ അമ്മ ആക്രമിച്ചത് അച്ഛന്റെ അറിവോടെയാണെന്നാണ് പൊലീസ് നിഗമനം. കുട്ടിയെ ഉപദ്രവിച്ചത് അനുസരണ പഠിപ്പിക്കുന്നതിന് വേണ്ടിയെന്ന് അമ്മ പൊലീസിന് മൊഴി നൽകി. വിശക്കുന്നുവെന്ന് പറഞ്ഞാൽ അമ്മയും അച്ഛനും തന്നെ നിരന്തരം വഴക്ക് പറഞ്ഞിരുന്നു എന്നും കുട്ടി പറയുന്നു.
കുട്ടിയെ ഉപദ്രവിച്ചത് അനുസരണ പഠിപ്പിക്കുന്നതിൻ്റെ ഭാഗമായാണെന്നാണ് അമ്മയുടെ മൊഴി. ആവശ്യത്തിന് ഭക്ഷണം നൽകിയിട്ടും വിശക്കുന്നുവെന്ന് കുഞ്ഞ് പരാതി പറഞ്ഞതിന്റെ വൈരാഗ്യത്തിലായിരുന്നു ക്രൂരത. വിശക്കുന്നുവെന്ന് പറഞ്ഞതിന്റെ പേരിൽ അമ്മയും അച്ഛനും തന്നെ നിരന്തരം വഴക്ക് പറഞ്ഞിരുന്നുവെന്ന് കുട്ടിയും പൊലീസിനോട് പറഞ്ഞിരുന്നു. രാത്രിയിൽ കുഞ്ഞ് ഉറങ്ങാത്തതും വൈരാഗ്യത്തിന് കാരണമായെന്ന് അമ്മ മൊഴി നൽകി.
കഴിഞ്ഞ ദിവസമാണ് നാല് വയസുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ച സംഭവത്തിൽ കാട്ടിത്തറ സ്വദേശിയായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.കുട്ടിയുടെ സ്വകാര്യ ഭാഗത്തും പൊള്ളലേറ്റതായി കണ്ടെത്തിയിട്ടുണ്ട്. കുട്ടിയെ അമ്മ സ്ഥിരമായി ഉപദ്രവിക്കാറുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു.