കൊച്ചി: രാസലഹരിയുമായി വ്‌ളോഗര്‍ റിന്‍സി മുംതാസ് പിടിയിലായ കേസില്‍ ചോദ്യം ചെയ്യേണ്ടവരുടെ പട്ടിക തയ്യാറാക്കി പൊലീസ്. സിനിമമേഖലയില്‍ നിന്നടക്കം 55 പേരെയാണ് പോലീസ് ആദ്യഘട്ടത്തില്‍ ചോദ്യം ചെയ്യുക. പൊലീസ് തയ്യാറാക്കിയ പട്ടികയിലുള്ളവരെല്ലാം റിന്‍സിയുടെ ഫ്‌ളാറ്റിലെ നിരന്തര സന്ദര്‍ശകരാണെന്നാണ് സൂചന.
സിനിമാ പ്രമോഷന്റെ മറവില്‍ റിന്‍സി ലഹരി വില്‍പ്പന നടത്തിയതായും പൊലീസ് കണ്ടെത്തി. റിന്‍സിയും പിടിയിലായ സുഹൃത്ത് യാസര്‍ അറാഫത്തും ചേര്‍ന്ന് മൂന്ന് തവണ ലഹരി പാര്‍ട്ടി നടത്തിയതായും പൊലീസ് പറയുന്നു. രണ്ടു പേരെയും ഇന്ന് കസ്റ്റഡയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യും. മൂന്ന് ദിവസത്തേക്കാണ് റിന്‍സിക്കായി പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കിയത്.
പിടിയിലായ ദിവസം നടത്തിയ പ്രാഥമിക ചോദ്യം ചെയ്യലില്‍ റിന്‍സി സിനിമ പ്രവര്‍ത്തകരുടെ അടക്കം പേരുകള്‍ പറഞ്ഞിരുന്നു. 22ഗ്രാം എംഡിഎംയുമായാണ് റിന്‍സിയും യാസര്‍ അറാഫത്തും പിടിയിലായത്.
സിനിമാ മേഖലയിലുള്ള നാല് പേര്‍ റിന്‍സിയെ സ്ഥിരമായി വിളിച്ചിരുന്നതായി പൊലീസ് നേരത്തെ പറഞ്ഞിരുന്നു. റിന്‍സിയും സിനിമാ താരങ്ങളും അണിയറ പ്രവര്‍ത്തകരുമായുള്ള നിരന്തരം ഫോണ്‍ സംഭാഷങ്ങളുടെ വിവരങ്ങളാണ് പൊലീസിന് ലഭിച്ചത്. സിനിമാ പ്രമോഷന്റെ ഭാഗമായാണ് ഇവരെയെല്ലാം വിളിച്ചിരുന്നതെന്നാണ് റിന്‍സി പൊലീസിനോട് പറഞ്ഞത്. അടുത്ത കാലത്തിറങ്ങിയ പല ചിത്രങ്ങളുടേയും പ്രമോഷനും മറ്റു പ്രചരണ പരിപാടികളും ഏറ്റെടുത്ത് നടത്തിയിരുന്നതും റിന്‍സി ആയിരുന്നു.
റിന്‍സിയുടെ ഫ്‌ളാറ്റില്‍ എത്തിയവരുടെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിരുന്നു. കാക്കനാട്ടെ ഫ്ളാറ്റില്‍ ഡാന്‍സാഫ് പരിശോധനക്കെത്തിയപ്പോള്‍ ആണ്‍സുഹൃത്ത് യാസര്‍ അറഫാത്തിനൊപ്പമാണ് റിന്‍സിയെ പിടികൂടിയത്.