
ഇടുക്കി പീരുമേട്ടില്‍ ആദിവാസി സ്ത്രീയുടെ മരണത്തില്‍ വഴിത്തിരിവ്. മലബണ്ടാരം വിഭാഗത്തില്‍പ്പെട്ട സീതയെന്ന യുവതി മരിച്ചത് കാട്ടാന ആക്രമണത്തിലല്ലെന്നും കൊലപാതകമാണെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഭര്‍ത്താവ് ബിനുവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
മുഖത്തും കഴുത്തിലും മല്‍പ്പിടുത്തത്തിന്റെ പാടുകള്‍ ഉണ്ടെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. തലയുടെ വലതുഭാഗം പലതവണ പരുക്കന്‍ വസ്തുവില്‍ ഇടിപ്പിച്ചതിന്റെ അടയാളവുമുണ്ട്. തലയുടെ ഇടതുവശത്തും ക്ഷതം ഏറ്റിട്ടുണ്ട്. മരത്തില്‍ ഇടിപ്പിച്ചതാകാനാണ് സാധ്യത.
യുവതിയുടെ ഭര്‍ത്താവ് തന്നെയാണ് ഭാര്യ ആനയുടെ ആക്രമണത്തില്‍ മരിച്ചെന്ന് കഴിഞ്ഞദിവസം പൊലീസിനെയും ഫോറസ്റ്റുകാരെയും അറിയിച്ചത്. തുടര്‍ന്ന് മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചിരുന്നു. എന്നാല്‍ ഇവിടെ നിന്ന് പൊലീസിനും സര്‍ജനുമുണ്ടായ സംശയത്തെ തുടര്‍ന്ന് മൃതദേഹത്തിന്റെ പോസ്റ്റുമോര്‍ട്ടം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചു.
എന്നാല്‍ ജനപ്രതിനിധികള്‍ അടക്കം എത്തി മൃതദേഹം പീരുമേട് തന്നെ പോസ്റ്റുമോര്‍ട്ടം നടത്തിയാല്‍ മതിയെന്ന് അറിയിച്ചതിന് പിന്നാലെ താലൂക്ക് ആശുപത്രിയില്‍ വെച്ച് തന്നെ പോസ്റ്റുമോര്‍ട്ടം നടത്തുകയായിരുന്നു. കാട്ടാന ആക്രമിച്ചാലുണ്ടാകുന്ന തരം പരിക്കുകളല്ല സീതയുടെ ശരീരത്തിലുള്ളതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.