44 മുറിവുകൾ, ശരീരമാകെ സിഗരറ്റുപയോഗിച്ച് കുത്തിയ പാടുകൾ; ശിവഗംഗ കസ്റ്റഡി മരണത്തിൽ അജിത് കുമാർ നേരിട്ടത് അതിക്രൂര പീഡനമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

അജിതിനെ ചോദ്യം ചെയ്യാന്‍ കൊണ്ടുപോയപ്പോള്‍ ബോധം നഷ്ടപ്പെട്ടുവെന്നും പിന്നാലെ മരിച്ചുവെന്നുമായിരുന്നു പൊലീസിൻ്റെ വാദം
shivaganda custody murder
കൊല്ലപ്പെട്ട അജിത് കുമാർ, മർദനത്തിൻ്റെ ദൃശ്യങ്ങൾSource: X/@HateDetectors
Published on

തമിഴ്നാട് ശിവഗംഗ കസ്റ്റഡി മരണത്തിൽ അജിത് കുമാർ നേരിട്ടത് അതിക്രൂര പീഡനമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. 44 ബാഹ്യമുറിവുകളാണ് ശരീരത്തിലുള്ളത്. വയറ്റിൽ കമ്പുകൊണ്ട് കുത്തിയതിൻ്റയും സിഗരറ്റ് വച്ച് പൊള്ളിച്ചതിൻ്റെയും പാടുകളുണ്ട്. തലക്കേറ്റ മർദനമാകാം മരണകാരണമെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

മോഷണക്കുറ്റം ആരോപിക്കപ്പെട്ടു എന്ന കാരണത്താലാണ് 27 കാരനായ ക്ഷേത്ര സുരക്ഷാ ജീവനക്കാരന്‍ അജിത് കുമാറിന് കൊടിയ മർദനമേൽക്കേണ്ടിവന്നത്. 18 മണിക്കൂറിൻ്റെ കൊടും പീഡനങ്ങൾക്കൊടുവിൽ അയാൾ മരണത്തിന് കീഴടങ്ങി. കേസിൽ പ്രതിചേർക്കും മുൻപേ പൊലീസ് മർദനം തുടങ്ങിയിരുന്നു. കസ്റ്റഡി കൊലപാതകം നടന്നില്ലെന്നാണ് പൊലീസ് വാദമെങ്കിലും, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പറയുന്നത് മറിച്ചാണ്.

44 ബാഹ്യമുറിവുകളാണ് അജിത് കുമാറിൻ്റെ ശരീരത്തിൽ ഉണ്ടായിരുന്നത്. തലയ്ക്കേറ്റ മർദനമാകാം മരണകാരണം എന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. തലച്ചോറിലും ഹൃദയത്തിലും രക്തസ്രാവം ഉണ്ടായി. വയറ്റിൽ കമ്പികൊണ്ട് കുത്തിയതിൻ്റെയും ശരീരമാസകലം സിഗരറ്റ് കുറ്റികൊണ്ട് പൊള്ളിച്ചതിൻ്റെ പാടുകളുമുണ്ട്.

ഇരുമ്പ്, പ്ലാസ്റ്റിക് പൈപ്പുകൾ മുതലായ വസ്തുക്കൾ ഉപയോഗിച്ചാണ് യുവാവിനെ പൊലീസുകാർ മർദിച്ചത്. ശരീരത്തിൽ നഖം കൊണ്ട് മുറിപ്പെടുത്തി, നിലത്തിട്ട് വലിച്ചിഴച്ചു. ശരീരം മുഴുവൻ തല്ലിച്ചതച്ച് രക്തം കട്ടപിടിച്ചതിൻ്റെയും പാടുകളുണ്ടായിരുന്നെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

റിപ്പോർട്ട് പ്രകാരം അജിത് കുമാറിന് ഒരേ സ്ഥലത്ത് തന്നെ നിരവധി തവണ പ്രഹരമേറ്റിട്ടുണ്ട്. ബലം പ്രയോഗിച്ചുള്ള കൊടൂര പീഡനങ്ങളുടെ 18 മണിക്കൂറുകളാണ് അന്ന് അരങ്ങേറിയത്. മർദനത്തെ തുടർന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നും പോസ്റ്റ്‌മോർട്ടത്തിൽ പറയുന്നു.

കഴിഞ്ഞ മാസം 27ന് മദപുരം ഗ്രാമത്തിലെ ബത്തരകാളിയമ്മന്‍ ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞെത്തിയ ഒരു സ്ത്രീ കാറിലുണ്ടായരുന്ന തന്റെ സ്വര്‍ണാഭരണങ്ങളും പണവും നഷ്ടമായി എന്ന പരാതി നല്‍കിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. വാഹനം പാര്‍ക്ക് ചെയ്യാന്‍ സഹായിച്ച ഇതേ ക്ഷേത്രത്തിലെ സുരക്ഷാ ജീവനക്കാരന്‍ അജിത് കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അജിതിനെ ചോദ്യം ചെയ്യാന്‍ കൊണ്ടുപോയപ്പോള്‍ ബോധം നഷ്ടപ്പെട്ടുവെന്നും തുടര്‍ന്ന് മധുര സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി മരണം സഭവിച്ചു എന്നുമായിരുന്നു പൊലീസിന്റെ വാദം.

ആറ് പൊലീസുകാരടങ്ങുന്ന പ്രത്യേകസംഘം അജിത് കുമാറിനെ മര്‍ദിച്ച് കൊന്നു എന്ന് കുടുംബം ആരോപിച്ചപ്പോള്‍ അസുഖബാധിതനായി അജിത് മരിക്കുകയായിരുന്നു എന്ന് പൊലീസ് അവകാശപ്പെട്ടു. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടത്തിന്റെയും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിന്റെയും വിവരങ്ങള്‍ പുറത്തുവന്നതോടെ ക്രൂരമര്‍ദനം നടന്നതായി സ്ഥിരീകരിക്കപ്പെട്ടു.

അജിത് കുമാര്‍ നേരിട്ട പീഡനത്തിന്റെ ദൃശ്യങ്ങള്‍ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന് ലഭിച്ചിരുന്നു. സ്വമേധയാ കേസ് പരിഗണിച്ച് വാദം കേട്ട ബെഞ്ചിലേക്ക് അഭിഭാഷകന്‍ ഹെന്റി ടിഫാഗ്‌നെയാണ് നരവേട്ടയുടെ ദൃശ്യങ്ങളെത്തിച്ചത്. സംഭവത്തിൽ അഞ്ച് പൊലീസുകാരെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com