"ഇനി എന്നെ കുറിച്ച് വിവരമൊന്നും ഉണ്ടായില്ല എങ്കിൽ ഞാൻ മരിച്ചതായി കണക്കാക്കണം. അവർ എന്നെ കൊന്നു കളഞ്ഞിട്ടുണ്ടാകും... "
മരവിക്കുന്ന വിരലുകളോടെ ഒരു പെൺകുട്ടി അവളുടെ ആൺസുഹൃത്തിന് അയച്ച അവസാന മെസ്സേജ്. ലോകത്ത് മറ്റെന്തിനെക്കാളും ആ കൗമാരക്കാരി ഭയന്നത് അവൾക്ക് ജന്മം നൽകിയവരെ ആയിരുന്നു. അവളുടെ രക്തബന്ധങ്ങളെ ആയിരുന്നു. ഇത് ഇറ്റലിയെ ഞെട്ടിച്ച ദുരഭിമാനക്കൊലയുടെ കഥയാണ്. ഇത് സമാൻ അബ്ബാസ് എന്ന പതിനെട്ടുകാരിയുടെ കഥയാണ്...
മെയ് അഞ്ച് 2021ന് ഇറ്റലിയിൽ നേരം പുലർന്നതോടെ പൊലീസ് വാഹനം വിയ പാപാജിയോവാനിയിലെത്തി. അത് സ്വതവേ പ്രശ്നങ്ങളൊന്നുമില്ലാത്ത ശാന്തമായൊരു പ്രദേശമായിരുന്നു. പൊലീസ് വാഹനം അബ്ബാസ് കുടുംബം താമസിക്കുന്ന വില്ലയുടെ മുന്നിൽ നിർത്തി.
നാല് പേരായിരുന്നു ആ വില്ലയിലെ താമസക്കാർ. ഷബർ അബ്ബാസ്, ഭാര്യ നാസിയ ഷഹീൻ, ഇവരുടെ മക്കളായ 18കാരി സമാൻ അബ്ബാസ്, 16കാരൻ അലി ഹൈദർ. ഇവരെ കൂടാതെ ഇവരുടെ മൂന്ന് അടുത്ത ബന്ധുക്കളും കഴിഞ്ഞ ദിവസങ്ങളിൽ അവിടെയുണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. സമാന്റെ അമ്മാവൻ ഡാനിഷ് ഹസ്നെൻ, കസിൻസായ ഇക്രം ഇജാസ്, നോമനുൽ ഹക്. ഇവർ ഇറ്റലിയിൽ താമസിക്കുന്ന ഒരു പാകിസ്ഥാനി കുടുംബമായിരുന്നു. പൊതുവെ ശാന്തമായിരുന്ന അബ്ബാസ് കുടുംബം എന്നാൽ ആ ദിവസം അങ്ങനെ ആയിരുന്നില്ല. അന്നത്തെ നിശബ്ദത നിഗൂഢതയുടേതായിരുന്നു.
അന്നവരുടെ കുടുംബത്തെ അന്വേഷിച്ച് ഇറ്റാലിയൻ പൊലീസ് എത്തിയത് അവർക്ക് ലഭിച്ച ഒരു സന്ദേശത്തെ പിന്തുടർന്നാണ്. തന്റെ പെൺസുഹൃത്ത് സമാനെ കാണാനില്ലെന്നും അവളെ ഫോണിൽ ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്നും പറഞ്ഞ് സാക്കിബ് എന്ന യുവാവാണ് പൊലീസിനെ സമീപിച്ചത്. "എന്നെ കുറിച്ച് വിവരമൊന്നും ലഭിച്ചില്ലെങ്കിൽ അവർ എന്നെ കൊന്നുകളഞ്ഞിട്ടുണ്ടാകും" അതായിരുന്നു സാക്കിബിന് അവളയച്ച അവസാന മെസേജ്. പരാതി ലഭിച്ചതിനെ തുടർന്ന് പരിശോധനയ്ക്ക് എത്തിയതായിരുന്നു പൊലീസ്. എന്നാൽ അവിടെയെത്തിയ പോലീസിനെ ആശയക്കുഴപ്പത്തിലാക്കുന്ന തരത്തിലായിരുന്നു അവിടെ കണ്ട കാഴ്ചകൾ.
വീട്ടിൽ നിരവധി തവണ കാളിങ് ബെൽ അടിച്ചിട്ടും, ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും ആരും പുറത്തേക്ക് വന്നില്ല. കുടുംബത്തിലെ ആരെയും അവിടെ കാണാൻ കഴിഞ്ഞില്ല. വീട്ടിനകത്ത് കയറി പരിശോധന നടത്തിയപ്പോൾ അകമെല്ലാം സാധാരണ നിലയിൽ. അവർ ആ വീട്ടിൽ നിന്നും എങ്ങോട്ട് അപ്രത്യക്ഷമായെന്ന് അയൽപ്പക്കത്തുള്ളവർക്കോ മറ്റാർക്കെങ്കിലുമൊ അറിയില്ലായിരുന്നു.
അവർ എവിടെ പോയെന്നതിനുള്ള ഉത്തരം പൊലീസ് അന്വേഷിച്ച് തുടങ്ങി. മെയ് ഒന്നിന്, അതായത് സമാന്റെ അവസാന മെസേജ് വന്നതിന് തൊട്ടടുത്ത ദിവസം അവളുടെ മാതാപിതാക്കൾ പാകിസ്താനിലേക്ക് കടന്നിരുന്നു. ആരെയും ഒന്നും അറിയിക്കാതെ ഒറ്റ രാത്രി കൊണ്ട് അവർ കടന്ന് കളഞ്ഞത് പൊലീസിൽ സംശയത്തിന്റെ വിത്ത് പാകി. എന്നാൽ അവർ മാത്രമായിരുന്നില്ല, ആ വീട്ടിലെ മറ്റുള്ളവരും ആ രാത്രി നാനാ ദിക്കുകളിലേക്ക് കടന്ന് കളഞ്ഞിരുന്നു. ഇക്രം ഇജാസ് ഫ്രാൻസിലേക്കും നോമനുൽ ഹഖ് സ്പെയ്നിലേക്കും കടന്നിരുന്നു. ദിവസങ്ങൾക്കു മുൻപ് അവിടെയെത്തിയ ബന്ധുക്കൾ ഇത്ര പെട്ടന്ന് പോയതെന്തായിരിക്കും എന്നത് ചോദ്യമായി തന്നെ അവശേഷിച്ചു. ആ വീട്ടിൽ നിന്നും അന്നത്തെ ദിവസം ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യാത്തത് ഒരേ ഒരാളായിരുന്നു. അത് സമാൻ ആയിരുന്നു.
സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ച പൊലീസിന് വൈകാതെ തന്നെ ആ നിർണായക വിവരത്തിലേക്ക് എത്താൻ സാധിച്ചു. സമീപത്തെ വീട്ടിലെ സിസിടിവി ക്യാമറ. അത് പരിശോധിച്ച പൊലീസിന് ഒരു ദൃശ്യം ലഭിച്ചു. ഏപ്രിൽ 30ന് രാത്രി സമാന്റെ ബന്ധുക്കളായ ആ മൂന്ന് പേർ അവരുടെ കുടുംബത്തിന്റെ ഫാം ഹൗസിന് സമീപത്തേക്ക് നടന്ന് പോകുന്നതിന്റെ ദൃശ്യം. അതിൽ ഒന്നാമന്റെ കയ്യിൽ ഒരു തൂമ്പ, രണ്ടാമന്റെ കയ്യിൽ ബക്കറ്റ്, മൂന്നാമന്റെ കയ്യിൽ മറ്റൊരു ആയുധം. മണിക്കൂറുകൾക്ക് ശേഷം സമാൻ മാതാപിതാക്കളോടൊപ്പം അതേ ദിശയിൽ നടന്നുപോകുന്നതിൻ്റെ ദൃശ്യങ്ങളും ക്യാമറയിൽ പതിഞ്ഞു. എന്നാൽ, ഇതിന് ശേഷമുള്ള അവരുടെ ദൃശ്യങ്ങളൊന്നും ക്യാമറയിൽ പതിഞ്ഞില്ല. തൊട്ടടുത്ത ദിവസം അവർ ഇറ്റലിയിൽ നിന്ന് തന്നെ കടന്ന് കളഞ്ഞിരുന്നു.
എന്നാൽ, സമാനല്ലാതെ മറ്റൊരാൾ കൂടി ഇറ്റലിയിൽ അവശേഷിക്കുന്നുണ്ടെന്ന് പൊലീസ് കണ്ടെത്തി. അത് 16കാരൻ അലി ഹൈദറായിരുന്നു. അവൻ്റെ കണ്ണുകളിലത്രയും ഭയം. പൊലീസ് കസ്റ്റഡിയിൽ അറിയാവുന്നതെല്ലാം അവൻ തുറന്നു പറഞ്ഞു. തൻ്റെ കൂടെപിറപ്പിനെ ദുരഭിമാനത്തിൻ്റെ പേരിൽ മാതാപിതാക്കളും ബന്ധുക്കളും ചേർന്ന് കൊന്നു കളഞ്ഞുവെന്ന് അവൻ പൊലീസിനോട് പറഞ്ഞു. അവളെ ഞങ്ങൾ കൊന്നുവെന്ന് അമ്മാവൻ തന്നോട് പറഞ്ഞതായും അലി വെളിപ്പെടുത്തി. താൻ കൂടെ ചെല്ലാൻ വിസമ്മതിച്ചതിനാലാണ് തന്നെ മാത്രം ഇവിടെ നിർത്തിയതെന്നും ആ അനുജൻ മൊഴി നൽകി.
പിന്നീട് അന്വേഷണം നീങ്ങിയത് അമ്മാവൻ ഡാനിഷിലേക്കായിരുന്നു. ഫ്രാൻസിലുള്ള അയാളെ പൊലീസ് പിടികൂടി ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിനൊക്കെയും സൗമ്യമുഖനായി, യാതൊരു പരിഭ്രമവുമില്ലാതെ അയാൾ പ്രത്യക്ഷപ്പെട്ടത് പൊലീസ് ശ്രദ്ധിച്ചു. എന്നാൽ, നീണ്ട ചോദ്യം ചെയ്യലുകൾക്കൊടുവിൽ ഡാനിഷ് കുറ്റം സമ്മതിച്ചു. അവളെവിടെയുണ്ടെന്ന് കാണിച്ച് തരാമെന്ന് അയാൾ ഭാവവ്യത്യാസമില്ലാതെ പൊലീസിനോട് പറഞ്ഞു. ഫാം ഹൗസിന് സമീപം അവളെ നിർദയം കൊലപ്പെടുത്തി മറവ് ചെയ്ത സ്ഥലം ഡാനിഷ് പൊലീസിന് കാണിച്ചുകൊടുത്തു. 2022 നവംബറിലാണ് സമാന്റെ മൃതദേഹം ഫാം ഹൗസിന് സമീപത്ത് നിന്ന് കണ്ടെത്തിയത്. കഴുത്ത് ഞെരിച്ചാണ് അവളെ കൊലപ്പെടുത്തിയതെന്ന് മൃതദേഹത്തിൽ നടത്തിയ പരിശോധനയിൽ വ്യക്തമായി. പിതാവിനെ പാകിസ്ഥാൻ പൊലീസ് പിടികൂടി ഇറ്റലി പൊലീസിന് കൈമാറി, എന്നാൽ മാതാവ് അതിനകം ഒളിവിൽ പോയിരുന്നു. പിതാവിനെയും ബന്ധുക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. അവളെ കൊലപ്പെടുത്തിയതിൽ വിഷമമില്ലെന്നും, അവൾ ഞങ്ങളുടെ അഭിമാനം കളഞ്ഞുകുളിച്ചുവെന്നും ഷബാർ പൊലീസിൽ പറഞ്ഞു. സമാൻ്റെ തിരോധാനത്തിൻ്റെയും, മകളെ കൊല്ലാൻ ഗൂഢാലോചന നടത്തിയ മാതാപിതാക്കളുടെ കഥയുടെ ചുരുളഴിഞ്ഞു...
2002 ഡിസംബർ 18ന് പാകിസ്ഥാനിലെ ലാഹോറിൽ ജനിച്ച സമാൻ അബ്ബാസ്, 2016ലാണ് കുടുംബത്തോടൊപ്പം ഇറ്റലിയിലേക്ക് ചേക്കേറുന്നത്. സാധാരണക്കാർ മാത്രം താമസിക്കുന്ന നോവെല്ലറ എന്ന ഇറ്റാലിയൻ ഗ്രാമത്തിലെത്തിയ സമാൻ വൈകാതെ ഇറ്റാലിയൻ ഭാഷ പഠിച്ചു, കൂട്ടുകാരെ ഉണ്ടാക്കി, അവിടുത്തെ ജീവിതവുമായി പൊരുത്തപ്പെട്ടു. അവിടെ വെച്ച് അവൾ ആഗ്രഹിക്കുന്ന ജീവിതവും, മാതാപിതാക്കൾ അവൾക്ക് വേണ്ടി സ്വപ്നം കാണുന്ന ജീവിതവും തമ്മിലുള്ള വൈരുധ്യം തിരിച്ചറിഞ്ഞു.
അവളുടെ മാതാപിതാക്കളുടെ കാഴ്ചപ്പാടിൽ പെൺകുട്ടികൾക്ക് ആവശ്യം പ്രാഥമിക വിദ്യാഭ്യാസം മാത്രമാണെന്നും, നിരവധി ചട്ടക്കൂടുകൾക്കുള്ളിലാണ് താൻ ജീവിക്കുന്നതെന്നുമുള്ള ചിന്തകൾ അവളിൽ വലിയ വിഷമമുണ്ടാക്കി. ഹൈസ്കൂൾ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടത് അവളെ ആകെ തളർത്തി. പിന്നീട് സമയം കൊല്ലുന്നതിനായി അവൾ കണ്ടെത്തിയ മാർഗം ടിക്ടോകിൽ വീഡിയോകൾ പോസ്റ്റ് ചെയ്യുകയായിരുന്നു. അങ്ങനെ ടിക്ടോകിലൂടെയാണ് അവൾ സാക്കിബിനെ പരിചയപ്പെടുന്നത്. മറ്റൊരു പാകിസ്താനി ഇറ്റാലിയൻ കൗമാരക്കാരനായിരുന്ന സാക്കിബുമായി സൈനബ് വളരെ പെട്ടന്ന് അടുക്കുകയും പ്രണയത്തിലാകുകയും ചെയ്തു.
എന്നാൽ മകൾക്ക് ഇത്തരത്തിലൊരു പ്രണയബന്ധം ഉണ്ടെന്ന് ഷബറിനും നാസിയക്കും അംഗീകരിക്കാനാകുമായിരുന്നില്ല. അവർ അവളുടെ ഫോൺ വാങ്ങി വെച്ചു, റൂമിൽ പൂട്ടിയിട്ടു, അവിടെ അവൾ നിരന്തരം ശാരീരിക മാനസിക പീഡനങ്ങൾ ഏറ്റുവാങ്ങി. തന്നെ ആരും നോക്കാതിരിക്കാനായി പഴയ വസ്ത്രങ്ങൾ മാത്രമേ വീട്ടുകാർ ധരിക്കാൻ സമ്മതിക്കുകയുള്ളൂ എന്ന് സമാൻ ഒരിക്കൽ സാക്കിബിനോട് പറഞ്ഞു.
സാക്കിബുമായുള്ള പ്രണയം സമാന്റെ കുടുംബം എതിർത്തതിന് കാരണങ്ങൾ പലതായിരുന്നു. കുടുംബം, പ്രായം, സ്ഥലം പക്ഷെ അതിലെല്ലാം ഉപരി, തങ്ങളുടെ മകൾ വിവാഹം ചെയ്യേണ്ടത് അവളുടെ മാതാപിതാക്കൾ കണ്ടെത്തുന്ന ആളെയാണെന്ന വാശി. ബന്ധുവായ മറ്റൊരാളെ മകൾക്ക് വേണ്ടി കുടുംബം കണ്ടെത്തുകയും ചെയ്തിരുന്നു. സമാനേക്കാൾ ഒരുപാട് വയസ് പ്രായമുള്ള, അവൾക്ക് ഒട്ടും താല്പര്യമില്ലാത്ത മറ്റൊരാളെ... അവൾ അയാളെ തന്നെ വിവാഹം ചെയ്യണമെന്ന് കുടുംബം വാശി പിടിച്ചു.
എന്നാൽ ജൂൺ 2020ന് പെട്ടന്നൊരു ദിവസം സമാൻ അപ്രത്യക്ഷമായി. അവൾ ആൺസുഹൃത്തിനൊപ്പം ഒളിച്ചോടിയെന്ന അഭ്യൂഹം നാടുനീളെ പരന്നു. എന്നാൽ അവൾ സ്വപ്നം കണ്ട ജീവിതത്തിനും വിദ്യാഭ്യാസം നേടുന്നതിനുമൊക്കെ ആയി ബെൽജിയത്തിലേക്ക് ആയിരുന്നു അവളുടെ യാത്ര. പക്ഷെ ആ രക്ഷപ്പെടലിന് വലിയ ആയുസുണ്ടായില്ല. ബെൽജിയം പോലീസും മറ്റും അവളെ കണ്ടെത്തി തിരികെ വീട്ടിലെത്തിച്ചു.
രക്ഷപ്പെടാനുള്ള ആ ശ്രമം പരാജയപ്പെട്ട് വീട്ടിൽ തിരികെയെത്തിയ സമാന് പിന്നീട് അനുഭവിക്കേണ്ടി വന്നത് കൊടിയ പീഡനമായിരുന്നു. അവളുടെ പാസ്പോർട്ടും മറ്റ് രേഖകളും മാതാവ് പിടിച്ചെടുത്തു. അതോടെ എങ്ങോട്ടെങ്കിലും പോകാനോ, സാക്കിബിനെ വിവാഹം ചെയ്യാനോ അവൾക്ക് സാധിക്കില്ലെന്ന സ്ഥിതിയായി. പിന്നെയുള്ള ഓരോ ദിവസവും ദുസഹമായി. അവളുടെ വിധി നിശ്ചയിച്ച് കഴിഞ്ഞിട്ടുണ്ടെന്നും, അത് നിശ്ചയിച്ചിരിക്കുന്നത് അവളുടെ കുടുംബമാണെന്നും അവൾക്ക് ബോധ്യമായി.
എന്നാൽ അതിജീവനത്തിനായി ഒരു അവസാന വഴി കൂടി നോക്കാൻ അവൾ ശ്രമം നടത്തി. 17ാമത്തെ വയസിൽ കുടുംബത്തിനെതിരെ അവൾ പോലീസിൽ പരാതി നൽകി. നിർബന്ധിച്ചു വിവാഹം കഴിപ്പിക്കാൻ ശ്രമം, ശാരീരിക മാനസിക പീഡനം തുടങ്ങിയവ കുടുംബത്തിനെതിരെയുള്ള അവളുടെ പരാതിയിൽ ഉണ്ടായിരുന്നു. സംഭവത്തേക്കുറിച്ചുള്ള അന്വേഷണത്തിനെത്തിയ സാമൂഹ്യ പ്രവർത്തകരോട് അവൾ ഇങ്ങനെ പറഞ്ഞു, എന്റെ ജീവിതം എന്റേതല്ല.. അവർ എല്ലാം കൈക്കലാക്കിയിരിക്കുന്നു. 2020 നവംബറിൽ സമാന് സംരക്ഷണം നൽകണമെന്നും വീട്ടിൽ നിന്ന് മാറ്റി അഭയകേന്ദ്രത്തിലാക്കണം എന്നും കോടതി ഉത്തരവിട്ടു.
അവിടെ അവൾ സുരക്ഷിതത്വമെന്തെന്ന് തിരിച്ചറിഞ്ഞു. പേടിയില്ലാതെ ഉറങ്ങുകയും, ഇഷ്ടമുള്ള വസ്ത്രം ധരിക്കുകയും, സമാധാനം ശ്വസിക്കുകയും ചെയ്തു. അവിടെ ആത്മവിശ്വാസവും, അവനവന് വേണ്ടി സംസാരിക്കാനുള്ള ആർജവവും അവൾ നേടിയെടുത്തു. അവളുടെ ആ മാറ്റം അഭയകേന്ദ്രത്തിലെ അധികൃതരും നിരീക്ഷിച്ചിരുന്നു. 18ാമത്തെ വയസിൽ അവളെ റിലീസ് ചെയ്യാൻ അവർ തീരുമാനിച്ചു. കൂടുതൽ ദൃഢനിശ്ചയത്തോടെയാണ് ആ ഷെൽട്ടർ ഹോമിൽ നിന്ന് സമാൻ പുറത്തുവന്നത്. പുറത്തിറങ്ങി എന്ത് ചെയ്യണമെന്നത് അവൾക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു. ഉപരിപഠനത്തിന് പോകണം, സമാനെ വിവാഹം ചെയ്യണം, സമാധാനമായി ജീവിക്കണം... ഇതെല്ലാം സാധ്യമാകണം എങ്കിൽ പാസ്പോർട്ടും രേഖകളും തിരികെ കിട്ടണം എന്ന് അവൾക്ക് അറിയാമായിരുന്നു. അതിന് വേണ്ടി വീട്ടിലേക്ക് ഒരിക്കൽ കൂടി പോകണമെന്ന് അവൾ തീരുമാനിച്ച് ഉറപ്പിച്ചു. എന്നാൽ അത് അവസാനത്തേത് തന്നെ ആയിരുന്നു, കുടുംബം അവൾക്ക് വേണ്ടി മറ്റൊരു വിധി കാത്തുവെച്ചിരുന്നു.
വീട്ടിലെത്തിയ സമാൻ ഏപ്രിൽ 30ന് രാത്രി സാക്കിബിന് അവളുടെ അവസാന മെസേജ് അയച്ചു. കൊല ചെയ്യുക മാത്രമാണ് ഏക പോംവഴി എന്ന് അമ്മാവൻ മാതാപിതാക്കളോട് പറയുന്നത് അവൾ സ്വന്തം കാതുകൊണ്ട് കേട്ടു. അതിനാൽ 48 മണിക്കൂർ തന്റെ വിവരം ലഭിക്കാതിരുന്നാൽ പൊലീസിൽ വിവരം അറിയിക്കണമെന്ന് സാക്കിബിന് അവൾ മുന്നറിയിപ്പ് നൽകി.
അവളെ കൊലപ്പെടുത്തുന്നതിനുള്ള പദ്ധതികൾ കുടുംബം നേരത്തെ തയ്യാറാക്കിയിരുന്നു. ആ മെസേജിന് പിന്നാലെ അമ്മാവനും മറ്റ് ബന്ധുക്കളും ആയുധങ്ങളുമായി ഫാം ഹൗസിലേക്ക് നടന്നുപോകുന്നതിൻ്റെ ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞു. കൊലപ്പെടുത്തുന്നതിന് മുൻപ് തന്നെ അവർ അവളെ മറവ് ചെയ്യാനുള്ള സ്ഥലമൊരുക്കിയിരുന്നു. മണിക്കൂറുകൾക്കകം മാതാവിനൊപ്പം സമാൻ ഫാം ഹൗസിന് സമീപത്തേക്ക് നടന്ന് പോയി. അർധരാത്രിയോടെ സമാന്റെ ബാഗുമായി ഷബാർ അതേ ദിശയിലേക്ക് നടന്ന് നീങ്ങുന്നതും ക്യാമറയിൽ പതിഞ്ഞു. അമ്മാവൻ ഡാനിഷ് അവളെ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത് മാതാപിതാക്കളുടെ കണ്മുന്നിൽ വെച്ചായിരുന്നു. നൊന്ത് പ്രസവിച്ച മകളെന്ന് പോലുമോർക്കാതെ ആ അമ്മയും അതിന് കൂട്ടുനിന്നു. സ്വന്തം മകളെ ദുരഭിമാനത്തിന്റെ പേരിൽ അവർ കൊലപ്പെടുത്തി. തെളിവുകളൊന്നും അവശേഷിപ്പിക്കാതെ, കൃത്യത്തിന് ശേഷം അവർ രാജ്യത്ത് നിന്ന് തന്നെ കടന്നുകളയുകയായിരുന്നു.
2023 ഡിസംബറിൽ സ്വന്തം മകളെ കൊലപ്പെടുത്തിയ പാകിസ്ഥാൻ ദമ്പതികൾക്കും ബന്ധുക്കൾക്കും ഇറ്റാലിയൻ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. പിതാവും ബന്ധുക്കളും ജയിലിലായപ്പോഴും നാസിയയെ കുറിച്ച് പൊലീസിന് വിവരമൊന്നും ലഭിച്ചില്ല. കൃത്യം നടന്ന് മൂന്ന് വർഷങ്ങൾക്കിപ്പുറം 2024 മെയിൽ കശ്മീരിന് സമീപമുള്ള അതിർത്തി ഗ്രാമത്തിൽ ഒളിച്ചു കഴിഞ്ഞിരുന്ന നാസിയയെ പൊലീസ് കണ്ടെത്തി അറസ്റ്റ് ചെയ്തു.
ഇത് സമാൻ അബ്ബാസിൻ്റെ മാത്രം കഥയല്ല. ദുരഭിമാനത്തിൻ്റെ പേരിലോ മറ്റേതെങ്കിലും കാരണത്താലോ ഓരോ വർഷവും വീടുകളിൽ വെച്ച് കൊല്ലപ്പെടുന്ന നിരവധി പെൺകുട്ടികളുടെ കഥയാണ്. 2024 നവംബറിൽ പുറത്തുവന്ന യുഎൻ റിപ്പോർട്ട് പ്രകാരം, 140ഓളം പെൺകുട്ടികളെയും സ്ത്രീകളെയും ആണ് ഓരോ ദിവസവും സ്വന്തം കുടുംബാംഗമോ പങ്കാളിയോ കൊലപ്പെടുത്തുന്നത്. യുഎൻ വനിതാ റിപ്പോർട്ടിൽ 2023ൽ 85,000 സ്ത്രീകളെയും പെൺകുട്ടികളെയും പുരുഷന്മാർ മനഃപൂർവ്വം കൊലപ്പെടുത്തിയതായി കണ്ടെത്തി, ഇതിൽ 60% കൊലപാതകങ്ങളും നടത്തിയത് ഇരയുമായി അടുപ്പമുള്ളവരാണ്. ആഗോളതലത്തിൽ, ഒരു സ്ത്രീക്ക് ഏറ്റവും അപകടകരമായ സ്ഥലം അവളുടെ വീടാണെന്നും, അവിടെ വെച്ചാണ് പുരുഷന്മാരുടെ കൈകളാൽ ഭൂരിഭാഗം പേരും കൊല്ലപ്പെടുന്നതെന്നും സൂചിപ്പിക്കുന്ന കണക്കുകളാണിത്.