കാസർഗോഡ്: കുംബഡാജെയിലെ പുഷ്പലതയുടെ കൊലപാതക കേസിലെ പ്രതി പിടിയിൽ. ബദിയടുക്ക സ്വദേശി രമേശ് നായിക്കിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്വർണമാലയ്ക്ക് വേണ്ടിയാണ് രമേശ് കൊലപാതകം നടത്തിയത് എന്ന വിവരമാണ് പൊലീസ് ആദ്യഘട്ടത്തിൽ പുറത്തുവിടുന്നത്. കാടുവെട്ടിത്തെളിക്കുന്ന ജോലിക്കിടെയാണ് പുഷ്പലതയെ പ്രതി പരിചയപ്പെട്ടത്. വെള്ളം ചോദിച്ച് എത്തിയ ഇയാൾ, വയോധിക വെള്ളം എടുക്കാൻ അടുക്കളയിലേക്ക് പോയപ്പോൾ മുൻവാതിൽ വഴി അകത്ത് കയറി. അടുക്കളയിൽ എത്തി മാല പിടിച്ച് പറിക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം മുൻവാതിൽ കുറ്റിയിട്ട് നാല് പവൻ തൂക്കമുള്ള മാലയുമായി അടുക്കള വാതിൽ വഴിയാണ് ഇയാൾ രക്ഷപ്പെട്ടത്.
അതേസമയം, കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ചാണ് പുഷ്പലതയെ കൊന്നതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. പുഷ്പലതയുടെ വീട്ടിലെത്തിയ പൊലീസ് സർജൻ കൂടുതൽ ശാസ്ത്രീയ വിവരങ്ങൾ പൊലീസിന് കൈമാറി. കുംബഡാജെ അജിലയിൽ തനിച്ച് താമസിക്കുന്ന പുഷ്പലത വി. ഷെട്ടിയെ വീട്ടിലെ അടുക്കളയിലാണ് ബുധനാഴ്ച രാത്രിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മുഖത്തും കഴുത്തിലും പാടുകൾ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ കൊലപാതകം ആണെന്ന സംശയം നാട്ടുകാരും ബന്ധുക്കളും ഉന്നയിക്കുകയും ചെയ്തു. ഈ സംശയം ശരിവെക്കുന്നതാണ് പുറത്തുവന്ന പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
ശരീരത്തിലെ പരിക്കുകൾ പിടിവലിക്കിടെയുണ്ടായതാണെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ കണ്ടെത്തലുണ്ട്. കൈകൾ കൊണ്ട് കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ചാണ് കൊലപാതകം. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായത്. പുഷ്പലത മരിച്ച ദിവസം അയൽ വീട്ടുകാർ ഉച്ചയ്ക്ക് ഒന്ന് മുതൽ നാല് വരെ സ്ഥലത്ത് ഉണ്ടായിരുന്നില്ല. സംക്രാന്തി ആഘോഷത്തിന് ഇവർ പോയ സമയത്താവും കൊലപാതകമെന്നാണ് നാട്ടുകാരുടെ സംശയം. അല്ലെങ്കിൽ ശബ്ദം കേൾക്കുമായിരുന്നെന്നും ഇവർ പറയുന്നു. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും.