

തെലങ്കാന: രണ്ടാം വര്‍ഷ എഞ്ചിനീയറിങ് വിദ്യാര്‍ഥിയെ കാമുകിയുടെ വീട്ടുകാര്‍ ക്രിക്കറ്റ് ബാറ്റ് കൊണ്ട് മര്‍ദിച്ചു കൊന്നു. തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലാണ് സംഭവം. വിവാഹത്തെ കുറിച്ച് സംസാരിക്കാന്‍ എന്ന് പറഞ്ഞ് വിളിച്ചു വരുത്തിയാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വിദ്യാര്‍ഥിയെ കൊലപ്പെടുത്തിയത്.
ഇരുവരുടേയും പ്രണയബന്ധം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ആദ്യം മുതല്‍ എതിര്‍ത്തിരുന്നു. മൈസമ്മഗുഡയിലെ സെന്റ് പീറ്റേഴ്‌സ് എഞ്ചിനീയറിങ് കോളേജിലെ രണ്ടാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിങ് വിദ്യാര്‍ഥിയായ ജ്യോതി സര്‍വന്‍ സായിയാണ് കൊല്ലപ്പെട്ടത്.
ശ്രീജ എന്ന പെണ്‍കുട്ടിയുമായിട്ടായിരുന്നു ജ്യോതി സര്‍വന്‍ പ്രണയത്തിലായിരുന്നത്. ഈ ബന്ധത്തെ ശ്രീജയുടെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ,
വിവാഹത്തെ കുറിച്ച് സം്‌സാരിക്കാന്‍ എന്ന് പറഞ്ഞ് ശ്രീജയുടെ വീട്ടുകാര്‍ ജ്യോതിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി. ജ്യോതി വീട്ടിലെത്തിയ സമയത്ത് ശ്രീജയുടെ അമ്മയടക്കമുള്ളവര്‍ ആക്രമിക്കുകയായിരുന്നു. ക്രിക്കറ്റ് ബാറ്റ് കൊണ്ട് നിരവധി തവണ മര്‍ദിച്ചു. തലയ്‌ക്കേറ്റ ഗുരുതര പരിക്കിനെ തുടര്‍ന്നാണ് ജ്യോതി മരിക്കുന്നത്. വാരിയെല്ലിനും കാലിനും മര്‍ദനത്തില്‍ പൊട്ടലുണ്ടായിരുന്നു.
പരിക്കേറ്റ ജ്യോതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജ്യോതിയുടെ മരണത്തില്‍ അമീന്‍പൂര്‍ പൊലീസ് കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്. കൊല ചെയ്യാനുപയോഗിച്ച ക്രിക്കറ്റ് ബാറ്റും പൊലീസ് കണ്ടെത്തി.