ആലപ്പുഴ: കായംകുളം കറ്റാനത്തെ 80കാരിയുടെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തങ്കമ്മയെ പ്രതി പ്രകാശൻ കായലിൽ കെട്ടി താഴ്ത്തിയത് ജീവനോടെ. തലയ്ക്ക് അടിച്ച് വീഴ്ത്തുകയും തങ്കമ്മ മരിച്ചുവെന്ന് കരുതി പ്രതി സ്വർണം കവരുകയുമായിരുന്നു. കൈകാലുകൾ ബന്ധിച്ച് മൃതദേഹം പൊങ്ങിവരാതിരിക്കുന്നതിനായി കല്ലുകൾ ബന്ധിച്ച ശേഷമായിരുന്നു പ്രകാശൻ കായലിലേക്ക് തള്ളിയത്. എന്നാൽ ഈ സമയം ജീവനുണ്ടായിരുന്ന തങ്കമ്മ വെള്ളം ശ്വാസകോശത്തിൽ കയറിയാണ് മരിച്ചത്.
പ്രതി പ്രകാശൻ തങ്കമ്മയുടെ അകന്ന ബന്ധുവും അയൽവാസിയുമാണ്. മത്സ്യ തൊഴിലാളിയായ പ്രകാശൻ സ്വർണവും പണവും കവരുന്നതിന് വേണ്ടിയാണ് കൊലപാതകം നടത്തിയത്. വളയും കമ്മലും അടക്കം ആറര പവൻ സ്വർണമാണ് പ്രതി മോഷ്ടിച്ചത്.
കഴിഞ്ഞ ദിവസമാണ് ഒറ്റയ്ക്ക് താമസിക്കുന്ന തങ്കമ്മയെ കാണാതായത്. പിന്നീട് അയൽവാസികൾ മകളെ അറിയിക്കുകയും മകൾ പൊലീസിൽ പരാതി നൽകുകയുമായിരുന്നു. പൊലീസ് അന്വേഷണം നടത്തി രണ്ടാം ദിവസമാണ് തങ്കമ്മയുടെ മൃതദേഹം കായംകുളം കായലിൽ നിന്ന് കണ്ടെത്തിയത്. കൈകാലുകൾ ബന്ധിച്ച നിലയിലായിരുന്നു മൃതദേഹം.
തങ്കമ്മയുമായി അടുത്ത ബന്ധമുള്ള ആരോ ആണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. തങ്കമ്മയെ കാണാതായ ദിവസം ഗ്യാസ് നന്നാക്കാൻ പ്രകാശൻ വീട്ടിൽ എത്തിയ വിവരം പൊലീസിന് ലഭിച്ചതാണ് വഴിത്തിരിവായത്. പൊലീസ് സംശയിക്കില്ലെന്ന ഉറപ്പിൽ കൂൾ ആയി നടന്ന പ്രതിയെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നു.