കത്തി കണ്ടെത്തി; കറുകുറ്റിയില്‍ കുഞ്ഞിനെ കൊന്നത് അമ്മൂമ്മ തന്നെ
എറണാകുളം: കറുകുറ്റിയില്‍ ആറ് മാസം പ്രായമുള്ള കുഞ്ഞിനെ കൊന്നത് അമ്മൂമ്മ തന്നെ. കൊലപാതകത്തിന് ഉപയോഗിച്ച കത്തി പൊലീസ് കണ്ടെത്തി. അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ചാണ് കുഞ്ഞിനെ കൊന്നത്.
കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. കുഞ്ഞിന്റെ അമ്മൂമ്മയെ നേരത്തേ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അമിതമായി ഗുളിക കഴിച്ച് അബോധാവസ്ഥയിലായിരുന്നു കസ്റ്റഡിയിലെടുക്കുമ്പോള്‍ അമ്മൂമ്മ. ആശുപത്രിയില്‍ എത്തിച്ച സ്ത്രീയുടെ ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണ്. നാളെ വിശദമായി ചോദ്യം ചെയ്യും.
ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് ആന്റണി-റൂത്ത് ദമ്പതികളുടെ മകള്‍ ഡെല്‍ന മറിയം സാറ കൊല്ലപ്പെട്ടത്. കുഞ്ഞിന്റെ അമ്മൂമ്മ ഡിപ്രഷന് മരുന്ന് കഴിച്ചിരുന്നതായി പഞ്ചായത്ത് മുന്‍ മെമ്പറായിരുന്ന കെ.പി. അയ്യപ്പന്‍ പറഞ്ഞിരുന്നു.
കുഞ്ഞിനെ അമ്മൂമ്മയുടെ അടുത്ത് ഏല്‍പ്പിച്ച് അമ്മ റൂത്ത് അടുക്കളയില്‍ പോയ സമയത്തായിരുന്നു കൊലപാതകം. അമ്മൂമ്മയുടെ ആവശ്യ പ്രകാരം കഞ്ഞിയെടുക്കാനായാണ് പോയത്. തിരിച്ചെത്തിയപ്പോള്‍ കുഞ്ഞ് ചോരയില്‍ കുളിച്ച് കിടക്കുന്ന നിലയിലായിരുന്നു.
അമ്മയുടെ ബഹളം കേട്ടാണ് അയല്‍വാസികള്‍ ഓടിയെത്തിയത്. പിന്നാലെ കുട്ടിയെ അങ്കമാലിയിലെ സ്വകാര്യയിലേക്ക് കൊണ്ടുവന്നു. കുട്ടിക്ക് ചെറിയ മുറിവ് പറ്റിയെന്നാണ് ആദ്യം ആശുപത്രിയില്‍ പറഞ്ഞത്. പിന്നീട് ഓക്‌സിജന്‍ കൊടുക്കാന്‍ ശ്രമിച്ചപ്പോഴാണ് കഴുത്തിലെ മുറിവ് ആശുപത്രി അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. പിന്നീട് ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

