തൃശൂർ പടിയൂർ ഇരട്ടക്കൊലപാതക കേസിൽ നിർണ്ണായക തെളിവായി മാറിയത് മൃതദേഹങ്ങൾക്കടുത്ത് നിന്ന് ലഭിച്ച ഭീഷണി കത്ത്. 'ഇനിയൊരാളുമായി ഒന്നിച്ച് ജീവിക്കാൻ അനുവദിക്കില്ലെന്ന്' എഴുതിയ കത്തിലെ കൈയ്യക്ഷരമാണ് പ്രതി പ്രേംകുമാറിലേക്ക് പൊലീസിനെ എത്തിച്ചത്. രേഖയെയും മണിയെയും പ്രതി കൊലപ്പെടുത്തിയത് രണ്ട് സമയങ്ങളിലാണെന്നും അന്വേഷണത്തിൽ വ്യക്തമായി. ആദ്യ ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി കൂടിയാണ് പ്രേംകുമാർ.
കാറളം വെള്ളാനി സ്വദേശികളായ മണിയുടെയും മകൾ രേഖയുടെയും കൊലപാതക വിവരം പുറത്തറിഞ്ഞ് ആദ്യ മണിക്കൂറിൽ തന്നെ പൊലീസിന് കൃത്യമായ സൂചനകൾ ലഭിച്ചിരുന്നു. ജീർണിച്ച് തുടങ്ങിയിരുന്ന മൃതദേഹങ്ങളിൽ നിന്ന് കാര്യമായ തെളിവുകൾ ലഭിച്ചില്ലെങ്കിലും രേഖയുടെ മൃതദേഹത്തിനടുത്ത് നിന്ന് കണ്ടെത്തിയ കുറിപ്പും ഫോറൻസിക് തെളിവുകളുമാണ് നിർണായകമായത്.
രേഖ പ്രതി പ്രേംകുമാറിനും മുൻ ഭർത്താവിനുമൊപ്പം നിൽക്കുന്ന ഫോട്ടോയും, സുഹൃത്തായ മറ്റൊരാൾക്കൊപ്പമുള്ള ഫോട്ടോയും ഒരു എ ഫോർ ഷീറ്റിൽ കളർ പ്രിന്റ് എടുത്തു വെച്ചിരുന്നു. ഈ കടലാസിലാണ് "ഇനിയൊരാളുമായി ഒന്നിച്ച് ജീവിക്കാൻ അനുവദിക്കില്ലെന്ന് " എഴുതിയിരുന്നത്. കൈ അക്ഷരമടക്കമുള്ള ഈ തെളിവുകളാണ് പ്രതിയിലേക്ക് അന്വേഷണ സംഘത്തെ എത്തിച്ചത്.
ബുധനാഴ്ച രാവിലെയാണ് മണിയുടെയും രേഖയുടെയും മൃതദേഹങ്ങൾ വാടക വീട്ടിൽ നിന്ന് കണ്ടെത്തിയതെങ്കിലും ഞായറാഴ്ച കൊലപാതകം നടന്നിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. കഴുത്ത് ഞെരിച്ചാണ് കൊലപാതകം നടത്തിയതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. എന്നാൽ രണ്ട് പേരെയും പ്രേംകുമാർ കൊലപ്പെടുത്തിയത് രണ്ട് സമയങ്ങളിലായി ആണെന്നും അന്വേഷണ സംഘം കണ്ടെത്തി.
2019ൽ ആദ്യ ഭാര്യയെ കൊലപ്പെടുത്തി കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി മാസങ്ങൾക്ക് മുൻപാണ് രേഖയുമായി അടുപ്പം സ്ഥാപിക്കുന്നത്. അഞ്ച് മാസത്തിലേറെയായി പഞ്ചായത്ത് ഓഫീസിന് സമീപമുള്ള വാടക വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. ഇതിനിടയിലുണ്ടായ കുടുംബ പ്രശ്നങ്ങളും ഭാര്യയിലുള്ള സംശയവുമാണ് പ്രേംകുമാറിനെ കൊലപാതകങ്ങൾക്ക് പ്രേരിപ്പിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
തൃശൂർ റൂറൽ എസ്.പിയുടെ മേൽനോട്ടത്തിൽ കാട്ടൂർ പൊലീസ് നടത്തുന്ന അന്വേഷണം കൂടുതൽ വിപുലപ്പെടുത്തി. പ്രതി സംസ്ഥാനത്തിന് പുറത്തേക്ക് രക്ഷപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.