കോഴിക്കോട് വിജിൽ കൊലപാതക കേസിൽ ഇന്നത്തെ പരിശോധനയിലും തെളിവ് കണ്ടെത്താനായില്ല. ശക്തമായ മഴയിൽ സരോവരത്തെ ചതുപ്പിൽ കൂടുതൽ വെള്ളം കെട്ടി നിന്നത് തെരച്ചിലിന് വെല്ലുവിളിയായി. പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും. കേസിലെ രണ്ടാംപ്രതി രഞ്ജിത്തിനായുള്ള അന്വേഷണവും പുരോഗമിക്കുകയാണ്.
സരോവരത്തെ ചതുപ്പ് നിലത്തിൽ വിജിലിൻ്റെ മൃതദേഹം കുഴിച്ചിട്ടെന്ന പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രദേശത്ത് പരിശോധന ആരംഭിച്ചത്. വിജിലിൻ്റെ മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെടുക്കാനുള്ള പരിശോധന രണ്ടാം ദിനവും പ്രതിസന്ധിയിലായി. സരോവരത്തെ ചതുപ്പിൽ ചെളിയും മരക്കഷണങ്ങളും കുമിഞ്ഞു കൂടി കിടക്കുകയാണ്. കണ്ടലിലെ വെള്ളം മോട്ടർ ഉപയോഗിച്ച് വറ്റിച്ച്, ചെളി മുഴുവനായും മാറ്റാനാണ് പൊലീസ് ശ്രമിച്ചത്. ഇതിനായി മണ്ണുമാന്തി യന്ത്രം രാവിലെ സരോവരത്ത് എത്തിച്ചു. രണ്ട് കഡാവർ നായകളെയും തെരച്ചിലിന് കൊണ്ടുവന്നിരുന്നു. എന്നാൽ ശക്തമായ മഴ പെയ്തത് രണ്ടാം ദിനവും തെരച്ചിലിനെ പ്രതികൂലമായി ബാധിച്ചു.
കഴിഞ്ഞ ദിവസം ഇവിടെ തെരച്ചിൽ നടത്തിയെങ്കിലും ശരീരാവിഷ്ടങ്ങൾ കണ്ടെത്താൻ സാധിച്ചിരുന്നില്ല. ചൊവാഴ്ച കല്ലായി റെയിൽവെ സ്റ്റേഷനിൽ നടത്തിയ തെളിവെടുപ്പിൽ പ്രതികൾ ഉപേക്ഷിച്ച വിജിലിൻ്റെ ബൈക്ക് കണ്ടെത്തിയിരുന്നു. മൂന്നു പേരാണ് കേസിലെ പ്രതികൾ. ഇതിൽ രണ്ടാം പ്രതി രഞ്ജിത്ത് ഒളിവിലാണ്. രഞ്ജിത്തിനെ കണ്ടെത്താൻ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. പ്രതികളായ എരഞ്ഞിപ്പാലം സ്വദേശി നിഖിൽ, വേങ്ങേരി സ്വദേശി ദീപേഷ് എന്നിവരുടെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും. പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെടാനാണ് അന്വേഷണസംഘത്തിൻ്റെ നീക്കം.
അമിത അളവിൽ ലഹരി മരുന്ന് നൽകിയതിനെ തുടർന്ന് മരിച്ച വിജിലിനെ സുഹൃത്തുക്കൾ ചേർന്ന് കുഴിച്ചിടുകയായിരുന്നു. സരോവരം പാർക്കിലെ ചതുപ്പിൽ താഴ്ത്തി എട്ട് മാസങ്ങൾക്ക് ശേഷം വിജിലിൻ്റെ അസ്തികൾ കുഴിച്ചെടുത്ത് കടലിൽ ഒഴുക്കിയതായും, സംസ്കാരക്രിയകൾ നടത്തിയതായും പ്രതികൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. കൂടാതെ മരണാനന്തര ചടങ്ങുകൾ നടത്തിയത് കോഴിക്കോട് വരക്കൽ കടപ്പുറത്താണെന്നും മൊഴിയിൽ പറയുന്നു. മരണാനന്തര ചടങ്ങുകൾ നടത്തിയതായി പറയപ്പെടുന്ന കർമിയെ കണ്ടെത്താനും അന്വേഷണ സംഘം ശ്രമം ആരംഭിച്ചിട്ടുണ്ട്. കർമിയെ സാക്ഷിയാക്കുന്നത് കേസിന് ബലം നൽകുമെന്നാണ് അന്വേഷണ സംഘത്തിൻ്റെ വിലയിരുത്തൽ.