
ഉത്തരാഖണ്ഡില്‍ 19 കാരിയായ അങ്കിത ഭണ്ഡാരി കൊലപാതക കേസില്‍ ബിജെപി നേതാവിന്റെ മകന്‍ അടക്കം മൂന്ന് പേര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ. ഉത്തരാഖണ്ഡിലെ കോട്ദ്വാര്‍ സെഷന്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. 2022 ലാണ് യമകേശ്വരിലുള്ള റിസോര്‍ട്ട് ജീവനക്കാരിയായിരുന്ന അങ്കിതയെ ഋഷികേഷിന് സമീപമുള്ള കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവത്തില്‍ ബിജെപി മന്ത്രിയുടെ മകനും റിസോര്‍ട്ട് ഉടമയുമായ പുല്‍കിത് ആര്യ അടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഉത്തരാഖണ്ഡില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു അങ്കിത ഭാണ്ഡാരി കൊലപാതകം.
ഉത്തരാഖണ്ഡിലെ പുരി ഗര്‍വാള്‍ ജില്ലയിലെ ദോഭ്-ശ്രീകോട്ട് സ്വദേശിയായ അങ്കിത ഭണ്ഡാരി 2022 ഓഗസ്റ്റിലാണ് യമകേശ്വരിലെ റിസോര്‍ട്ടില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. ജോലിയില്‍ പ്രവേശിച്ച് ഒരു മാസത്തിനുള്ളില്‍ അങ്കിത കൊല്ലപ്പെട്ടു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്,
സെപ്റ്റംബര്‍ 18 ന് പുല്‍കിത് ആര്യയും രണ്ട് റിസോര്‍ട്ട് ജീവനക്കാരും അങ്കിതയും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിനു ശേഷം പുല്‍കിതും റിസോര്‍ട്ട് ജീവനക്കാരായ സൗരഭ് ഭാസ്‌കറും അങ്കിത് ഗുപ്തയും ചേര്‍ന്ന് അങ്കിതയെ വാഹനത്തില്‍ കയറ്റി ചീല കനാലില്‍ തള്ളിയിട്ടു. തിരിച്ചെത്തിയ മൂവര്‍ സംഘം അങ്കിതയെ കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കി.
അങ്കിതയുടെ കുടുംബവും സുഹൃത്തുക്കളും പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. യുവതിയെ കാണാതായി മൂന്ന് ദിവസത്തിനു ശേഷം പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. അങ്കിതയുടെ തിരോധാനത്തില്‍ സുഹൃത്തായ പുഷ്പാണ് ആദ്യം ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്. റിസോര്‍ട്ടിലെത്തിയ അതിഥികള്‍ക്ക് 'പ്രത്യേക സേവനങ്ങള്‍' നല്‍കണമെന്ന് ഉടമ നിര്‍ബന്ധിച്ചതായി അങ്കിത ഫോണിലൂടെ പറഞ്ഞിരുന്നതായി പുഷ്പ് വെളിപ്പെടുത്തി. ഈ വെളിപ്പെടുത്തലോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്.
സെപ്റ്റംബര്‍ 18 ന് രാത്രി 8.30 നു ശേഷം അങ്കിതയുടെ ഫോണ്‍ സ്വിച്ച് ആയിരുന്നു. ഇതോടെ, അങ്കിതയെ കിട്ടാനായി പുഷ്പ് പുല്‍കിതിനെ വിളിച്ചിരുന്നു. എന്നാല്‍ ജോലി കഴിഞ്ഞ് പോയെന്നായിരുന്നു മറുപടി. അടുത്ത ദിവസം രാവിലെയും പുഷ്പ് ഫോണ്‍ ചെയ്തപ്പോള്‍ സ്വിച്ച് ഓഫ് ആയിരുന്നു. റിസോര്‍ട്ടിലെ മറ്റ് ജീവനക്കാരും പരസ്പരവിരുദ്ധമായ മറുപടികളായിരുന്നു നല്‍കിയിരുന്നത്. ഇതോടെ, സംശയം തോന്നിയ പുഷ്പും അങ്കിതയുടെ കുടുംബവും പൊലീസിനെ സമീപിച്ചു.
അങ്കിതയെ കാണാതായി ആറ് ദിവസങ്ങള്‍ക്കു ശേഷം സെപ്റ്റംബര്‍ 24 നാണ് ചീല കനാലില്‍ നിന്നും മൃതദേഹം ലഭിക്കുന്നത്. ഋഷികേഷിലെ എയിംസില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ മുങ്ങിമരണമാണെന്ന് സ്ഥിരീകരിച്ചു. എന്നാല്‍, അങ്കിതയുടെ ശരീരത്തില്‍ പരിക്കേറ്റ പാടുകളും ലൈംഗികാതിക്രമം നടന്നതിൻ്റെ സൂചനകളും ഉണ്ടായിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഇതോടെ, പ്രതിഷേധവുമായി നാട്ടുകാരും രംഗത്തെത്തി.
നാട്ടുകാര്‍ പൊലീസ് വാഹനം ആക്രമിക്കുകയും റിസോര്‍ട്ട് തകര്‍ക്കുകയും ചെയ്തു. ജനങ്ങളുടെ പ്രതിഷേധം ശക്തമായതോടെ അധികൃതര്‍ റിസോര്‍ട്ട് പൊളിച്ചു നീക്കി. അനധികൃത നിര്‍മാണം എന്ന് കാട്ടിയായിരുന്നു റിസോര്‍ട്ട് തകര്‍ത്തത്.
ഉത്തരാഖണ്ഡിലെ ബിജെപിയുടെ മുതിര്‍ന്ന നേതാവ് വിനോദ് ആര്യയുടെ മകനാണ് പുല്‍കിത് ആര്യ. പ്രതിഷേധം ശക്തമായതോടെ ഇദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. കേസ് ഫാസ്റ്റ് ട്രാക്ക് കോടതിയിലേക്ക് മാറ്റി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ഉത്തരവിട്ടു. കേസ് അന്വേഷണത്തിനായി മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥയായ രേണുക ദേവിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തേയും നിയോഗിച്ചു. അങ്കിതയുടെ കുടുംബത്തിന് 25 ലക്ഷം രൂപ സാമ്പത്തിക സഹായവും പ്രഖ്യാപിച്ചു.
കേസ് അന്വേഷണം ആരംഭിച്ച് തൊണ്ണൂറ് ദിവസത്തിനുള്ളില്‍ 500 പേജുള്ള കുറ്റപത്രം പൊലീസ് സമര്‍പ്പിച്ചു. നൂറോളം പേരെയാണ് പൊലീസ് ചോദ്യം ചെയ്തത്. ഓഡിയോ റെക്കോര്‍ഡുകളും സാക്ഷി മൊഴികളുടേയും അടിസ്ഥാനത്തിലാണ് പുല്‍കിത് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. റിസോര്‍ട്ടിലെത്തിയ അതിഥികള്‍ക്ക് വഴിവിട്ട സഹായങ്ങള്‍ ചെയ്യാന്‍ വിസമ്മതിച്ചതാണ് അങ്കിതയെ ഇല്ലാതാക്കാന്‍ കാരണമെന്നാണ് കണ്ടെത്തല്‍.