ഉത്തർപ്രദേശിലെ ഝാൻസിയിൽ മരിച്ചുപോയ ഭർത്താവിൻ്റെ അമ്മയെ കൊലപ്പെടുത്തി യുവതി. കുടുംബസ്വത്ത് മുഴുവൻ കൈക്കലാക്കാൻ ശ്രമിക്കവെ തടസം നിന്നതോടെയാണ് ഭർതൃമാതാവിനെ കൊലപ്പെടുത്തിയത്. സഹോദരിയുടെയും കാമുകൻ്റെയും സഹായത്തോടെയായിരുന്നു കൊലപാതകം. കൃത്യത്തിന് ശേഷം എട്ട് ലക്ഷം രൂപ വിലമതിക്കുന്ന സ്വർണവും പൂജ എന്ന യുവതി കവർന്നു. സംഭവത്തിൽ പൂജയേയും സഹോദരിയെയും പൊലീസ് അറസ്റ്റ് ചെയ്തു.
പ്രണയം, പണത്തിനോടും സ്വത്തിനോടുമുള്ള അത്യാഗ്രഹം- ഉത്തർപ്രദേശിനെ ഞെട്ടിച്ചിരിക്കുകയാണ് ഈ കൊലപാതകകഥ. ഭർതൃമാതാവിനെ കൊലപ്പെടുത്തിയ കേസിൽ മരുമകൾ അറസ്റ്റിലായതിന് പിന്നാലെ പുറത്തേക്ക് വരുന്ന വിവരങ്ങൾ സിനിമയെ വെല്ലുന്നതാണ്. ഝാൻസിയിലെ ഒരു കുടുംബത്തിലാണ് ഈ സംഭവങ്ങളെല്ലാം നടക്കുന്നത്.
ജൂൺ 24-നാണ് 58കാരി സുശീലയെ ദേവിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ മരുമകൾ പൂജയാണ് പ്രതിയെന്ന് വ്യക്തമായി. കൂട്ടുപ്രതികളെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് വിവരങ്ങളെല്ലാം പുറംലോകം അറിഞ്ഞത്.
രമേശ് എന്നയാളുമായാണ് പൂജയുടെ വിവാഹം കഴിയുന്നത്. വിവാഹം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ തന്നെ രമേശ് മരിച്ചു. തുടർന്ന് രമേശിന്റെ മുതിർന്ന സഹോദരൻ കല്യാൺ സിങ്ങുമായി പൂജ പ്രണയത്തിലായി. ആറ് വർഷത്തോളം ഇരുവരും ഒരുമിച്ച് ജീവിച്ചു. തുടർന്ന് കല്യാൺ സിങ് അപകടത്തിൽ മരിച്ചു. പിന്നാലെ രമേശിന്റെ ഇളയ സഹോദരനും വിവാഹിതനുമായ സന്തോഷുമായി പൂജ പ്രണയത്തിലായി. ഈ ബന്ധത്തിൽ ഒരു മകളുമുണ്ട്.
സന്തോഷിന്റെ ഭാര്യ പൂജയുമായുള്ള ബന്ധം ചോദ്യം ചെയ്തതോടെയാണ് കുടുംബത്തിൽ തർക്കങ്ങൾ ഉയരുന്നത്. ഇതോടെ സ്വത്ത് പകുത്ത് നൽകണമെന്ന ആവശ്യവുമായി പൂജ രംഗത്തെത്തി. കുടുംബത്തിലെ എല്ലാവർക്കും കൂടിയുള്ള സ്വത്തിന്റെ പകുതി വേണമെന്നായിരുന്നു പൂജയുടെ പക്ഷം. ഭർതൃമാതാവായ സുശീല ദേവിയ്ക്ക് ഇത് അംഗീകരിക്കാൻ കഴിഞ്ഞില്ല. സുശീല ദേവി ആവശ്യം നിരസിച്ചതോടെ ഇവരെ കൊല്ലാൻ പൂജ പദ്ധതിയിട്ടു. കൂട്ടിന് സഹോദരി കമലയും അവരുടെ കാമുകൻ അനിലുമെത്തി. പിന്നാലെ കൃത്യമായ ആസൂത്രണത്തോടെയുള്ള കൊലപാതകം.
സുശീലയുടെ കൊലപതാകശേഷം വീട്ടിൽ സൂക്ഷിച്ചിരുന്ന എട്ട് ലക്ഷം വിലമതിക്കുന്ന സ്വർണവും ഇവർ കവർന്നിരുന്നു. ഇത് വിൽപ്പനയ്ക്കായി എത്തിച്ചപ്പോഴാണ് ഏറ്റുമുട്ടലിലൂടെ പൊലീസ് അനിലിനെ പിടികൂടിയത്. നിലവിൽ മൂവരും പൊലീസ് കസ്റ്റഡിയിലാണ്.