
ഡൽഹി: ഗ്രേറ്റർ നോയിഡയിലെ സിർസയിൽ ഏഴ് വർഷം മുമ്പ് വിവാഹിതയായ യുവതിയെ ഭർതൃവീട്ടുകാർ മർദ്ദിക്കുകയും തീകൊളുത്തി കൊല്ലുകയും ചെയ്തു. സ്ത്രീധനമായി ഇനിയും 36 ലക്ഷം രൂപ കൂടി വേണമെന്ന് ആവശ്യപ്പെട്ട് നിക്കിയെ ഭർത്താവിൻ്റെ മാതാപിതാക്കൾ ക്രൂരമായ മർദനത്തിന് ഇരയാക്കിയത്. സാരമായി തീപ്പൊള്ളലേറ്റ യുവതി ആശുപത്രിയിൽ വച്ചാണ് മരിച്ചത്.
വ്യാഴാഴ്ച രാത്രി മരുമകൾ നിക്കിയെ ഭർത്താവിൻ്റെ മാതാപിതാക്കൾ മർദിച്ചതായും തുടർന്ന് മകൻ്റെ മുന്നിൽ വെച്ച് തീകൊളുത്തിയെന്നുമാണ് പരാതി. നിക്കിയുടെ സഹോദരി കാഞ്ചനേയും ഈ വീട്ടിലേക്കാണ് വിവാഹം കഴിപ്പിച്ച് അയച്ചിരുന്നത്.
വിവാഹം കഴിഞ്ഞ് ആറ് മാസത്തിന് ശേഷം സ്ത്രീധനത്തിന്റെ പേരിൽ ഭർതൃവീട്ടുകാർ നിക്കിയെ പീഡിപ്പിക്കാൻ തുടങ്ങിയിരുന്നുവെന്ന് സഹോദരി കാഞ്ചൻ പറഞ്ഞു. ഏഴ് വർഷമായി നിക്കി വിവാഹിതയാണെന്ന് അമ്മ പറഞ്ഞു.
വ്യാഴാഴ്ച പുലർച്ചെ 1.30നും പുലർച്ചെ നാലിനും ഇടയിൽ സഹോദരി കാഞ്ചനും ആക്രമിക്കപ്പെട്ടിരുന്നു. "സഹോദരിമാരിൽ ഒരാളുടെ സ്ത്രീധനമാണ് ലഭിച്ചതെന്നും അവർ പറഞ്ഞു. മറ്റേയാളുടെ കാര്യമോ? നീ മരിക്കുന്നതാണ് നല്ലത്. മകനെ കൊണ്ട് ഞങ്ങൾ വീണ്ടും വിവാഹം കഴിപ്പിക്കും," കാഞ്ചൻ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.
പെൺകുട്ടിയുടെ സഹോദരിയുടെ പരാതിയിൽ ഭർത്താവിനും കുടുംബത്തിനുമെതിരെ കസന പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഗ്രേറ്റർ നോയിഡ എഡിസിപി സുധീർ കുമാർ പറഞ്ഞു. കൊല്ലപ്പെട്ട യുവതിയുടെ പോസ്റ്റ്‌മോർട്ടം നടത്തി. തുടർന്ന് നിക്കിയുടെ കുടുംബാംഗങ്ങൾ ചേർന്ന് അവരുടെ മൃതദേഹം സംസ്‌കരിച്ചു.