ബെംഗളൂരുവിൽ സ്ത്രീയുടെ മൃതദേഹം ചാക്കിൽ നിറച്ച് മാലിന്യ ലോറിയിൽ തള്ളി. 30-35 വയസ് തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹമാണ് ചാക്കിൽ നിറച്ച് മാലിന്യ ലോറിയിൽ തള്ളിയത്. ഇവർ ആരാണ് എന്നതിനെ കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അയച്ചതായും കേസ് രജിസ്റ്റർ ചെയ്തതായും പൊലീസ് പറഞ്ഞു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളിൽ പ്രതി ഒരു ഓട്ടോറിക്ഷയിൽ എത്തി ചാക്ക് മാലിന്യ ലോറിയിലേക്ക് വലിച്ചെറിയുന്നത് കാണാം. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
സംഭവത്തിൽ ചന്നമ്മനക്കെരെ അച്ചുകാട്ട് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പുലർച്ചെ ഒരു മണിക്കും മൂന്ന് മണിക്കും ഇടയിലാണ് ചാക്ക് മാലിന്യ ലോറിയിൽ തള്ളിയതെന്ന് ബെംഗളൂരു ജോയിന്റ് പൊലീസ് കമ്മീഷണർ സി. വംശി കൃഷ്ണ പറഞ്ഞു. "കൈകളും കഴുത്തും കെട്ടി ചാക്കിൽ നിറച്ച നിലയിലായിരുന്നു മൃതദേഹം, ഞങ്ങൾ കൊലക്കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയാണ്" എന്നും അദ്ദേഹം അറിയിച്ചു.
33കാരിയുടെ ഞെട്ടിക്കുന്ന കൊലപാതകത്തിന് ആഴ്ചകൾക്ക് ശേഷമാണ് വീണ്ടും ബെംഗളൂരുവിനെ നടുക്കിക്കൊണ്ട് കൊലപാതകം റിപ്പോർട്ട് ചെയ്യുന്നത്. രണ്ട് കുട്ടികളുടെ അമ്മയായ ഹരിണിയെ അവർ പ്രണയത്തിലായിരുന്ന ഒരു ടെക്കിയായ യഷാസ് (25) കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. വീട്ടുകാർ ഇക്കാര്യം അറിഞ്ഞതോടെ ഹരിണി ബന്ധം അവസാനിപ്പിക്കാൻ ആലോചിക്കുകയായിരുന്നു. അവസാനമായി ഒരിക്കൽ കൂടി കാണണമെന്ന് യഷാസ് അവളോട് ആവശ്യപ്പെടുകയും ഒരു ഹോട്ടൽ മുറിയിൽ വെച്ച് അവളെ കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.