തൃശൂർ മുളങ്കുന്നത്തുകാവ് പെൺസുഹൃത്തിനെ കുത്തിപരിക്കേൽപ്പിച്ച സംഭവം: പ്രതി മാർട്ടിൻ ജോസഫ് പിടിയിൽ
തൃശൂർ: ഫ്ലാറ്റിൽ വെച്ച് യുവതിയെ കുത്തിപരിക്കേൽപ്പിച്ച് കടന്നുകളഞ്ഞ യുവാവ് പിടിയിൽ. ഇന്ന് പുലർച്ചയാണ് മാർട്ടിൻ ജോസഫ് പേരാമംഗലം പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞദിവസം തൃശൂർ അടാട്ടെ ഫ്ലാറ്റിൽ വെച്ച് ഇയാൾ യുവതിയെ കുത്തിയശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ ഗുരുതര പരിക്കേറ്റ മുളങ്കുന്നത്ത് കാവ് സ്വദേശി ശാർമിള (26) ചികിത്സയിൽ തുടരുകയാണ്.
ചൊവ്വാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് സംഭവം. ഇരുവരും ഫ്ലാറ്റിൽ ഒരുമിച്ച് താമസിച്ചു വരികയായിരുന്നു. അഭിപ്രായ വ്യത്യാസത്തെ തുടർന്നുള്ള തർക്കമാണ് കത്തിക്കുത്തിലേക്ക് നയിച്ചതെന്നാണ് സൂചന. കുത്തേറ്റ ശേഷം യുവതി തന്നെയാണ് പൊലീസിൽ വിവരം അറിയിച്ചത്. ശരീരത്തിന് പുറകിൽ കുത്തേറ്റ് ഗുരുതര പരിക്ക് പറ്റിയ യുവതി സ്വകാര്യ ആശുപത്രിയിൽ ഐസിയുവിൽ ചികിത്സയിലാണ്.
കുറച്ചുനാളായി ബെംഗളൂരുവിലായിരുന്ന മാർട്ടിൻ രണ്ടുദിവസം മുൻപാണ് നാട്ടിലെത്തിയത്. ഇയാൾ കുടുംബവുമായി അകന്നുകഴിയുകയാണെന്നാണ് സൂചന. കൊച്ചി മറൈന്‍ ഡ്രൈവിലെ ഫ്ലാറ്റിൽ വെച്ച് മട്ടന്നൂര്‍ സ്വദേശിനിയെ ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതിയാണ് തൃശൂര്‍ പുറ്റേക്കര സ്വദേശിയായ മാര്‍ട്ടിന്‍ ജോസഫ്.