ഗുജറാത്ത്: സാമ്പത്തിക തർക്കത്തെ തുടർന്ന് ഭാര്യയെയും കാമുകിയെയും, യുവാവ് കൊന്നുകുഴിച്ച് മൂടി. ആദ്യം ഭാര്യയെയും പിന്നീട് കാമുകിയെയുമാണ് യുവാവ് കൊന്ന് കുഴിച്ചുമൂടിയത്. ഞെട്ടിപ്പിക്കുന്ന സംഭവത്തിൽ പ്രതി ഫൈസൽ പത്താനെ പൊലീസ് അറസ്റ്റ് ചെയ്തു.
സാമ്പത്തിക തർക്കത്തെ തുടർന്നുണ്ടായ വൈരാഗ്യത്തിലാണ് ഭാര്യയെയും കാമുകിയെയും ഇല്ലാതാക്കാം എന്ന ചിന്തയിലേക്ക് പ്രതി എത്തിച്ചേർന്നത്. മൂന്ന് മാസം മുമ്പായിരുന്നു പ്രതി ഭാര്യയെ കൊലപ്പെടുത്തിയത്. ഭാര്യയുടെ മൃതദേഹം മറവ് ചെയ്ത അതേ സ്ഥലത്ത് തന്നെ പിന്നീട് കാമുകിയെയും ഇല്ലാതാക്കി പ്രതി മറവു ചെയ്തു.
എന്നാൽ കൃത്യത്തിൽ നിന്ന് രക്ഷപ്പെടാമെന്ന പ്രതിയുടെ അതിബുദ്ധി പാഴായിപ്പോയി. ഏത് കുറ്റകൃത്യത്തിലേതും പോലെ ഒരു കച്ചിതുരുമ്പ് ഇവിടെയും ശേഷിച്ചു. രക്തത്തിൽ കുളിച്ചു കിടക്കുന്ന പ്രതിയുടെ കാമുകി റിയയുടെ ശരീരം പ്രദേശവാസിയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. പിന്നാലെ പൊലീസെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനയച്ചു. നൂറോളം സിസിടിവി ക്യാമറകളും അന്വേഷണത്തിന്‍റെയും അടിസ്ഥാനത്തിലാണ് പൊലീസിന് പ്രതിയിലേക്ക് എത്തിച്ചേരാൻ സാധിച്ചത്.
ചോദ്യം ചെയ്യലിൽ പ്രതി കുറ്റസമ്മതം നടത്തി. സാമ്പത്തിക തർക്കമാണ് കൊലയ്ക്ക് പിന്നിലെന്ന് പ്രതി വെളിപ്പെടുത്തി. കൂടുതൽ ചോദ്യം ചെയ്യലിലാണ് ഭാര്യയെ കൊന്ന വിവരം ഫൈസൽ പറയുന്നത്. ജൂലൈ മുതൽ ഭാര്യ സുഹാനയുമായി അകന്ന് കഴിയുകയാണെന്നും, കാമുകിയുമായുള്ള ബന്ധം അംഗീകരിക്കാൻ വീട്ടുകാർ തയ്യാറാകുന്നില്ലെന്നും പ്രതി ഫൈസൽ പത്താൻ വ്യക്തമാക്കി. പിന്നാലെയാണ് ഇതേ സ്ഥലത്ത് വച്ച് ഭാര്യയെ പ്രതി കൊലപ്പെടുത്തിയത്.