
ന്യൂയോർക്ക് മേയർ എറിക് ആഡംസിനെതിരെ അഴിമതിക്ക് ക്രിമിനൽ കുറ്റം ചുമത്തിയതായി റിപ്പോർട്ട്. ഭരണത്തിലിരിക്കെ ക്രിമിനൽ കുറ്റം നേരിടുന്ന ആദ്യത്തെ ന്യൂയോർക്ക് മേയറാണ് എറിക് ആഡംസ്. 110 മേയർമാർ ഭരിച്ചിട്ടുള്ള ന്യൂയോർക്കിൽ ആദ്യമായാണ് ഒരു മേയർ ക്രിമിനൽ നടപടി നേരിടുന്നത്.
കഴിഞ്ഞ ഒരു മാസമായി നിരവധി അഴിമതി ആരോപണങ്ങളാണ് ന്യൂയോർക്കിൽ ഉയർന്നത്. ഇതിൽ അന്വേഷണം തുടങ്ങിയതോടെ പൊലീസ് കമ്മീഷണർ എഡ്വേർഡ് കാബൻ, ആഡംസിൻ്റെ മുഖ്യ നിയമ ഉപദേഷ്ടാവ്, നഗരത്തിലെ പബ്ലിക് സ്‌കൂൾ ചാൻസലർ എന്നിവർ രാജി പ്രഖ്യാപിച്ചിരുന്നു.
ഈ അഴിമതിയിലൊന്നും പങ്കില്ലെന്നും ഒന്നും അറിഞ്ഞില്ലെന്നുമാണ് ആഡംസ് പറഞ്ഞുകൊണ്ടിരുന്നത്. എഫ്ബിഐ ആഡംസിൻ്റെ മൊബൈൽ ഫോണുൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ പരിശോധിച്ചതോടെ, പറഞ്ഞത് നുണയാണെന്ന് വ്യക്തമായി. ഇതോടെ ന്യൂയോർക്കിലെ വിചാരണക്കോടതി ക്രിമിനൽ കുറ്റം ചുമത്തിയതായാണ് റിപ്പോർട്ട്.
കേസ് നടപടി തുടങ്ങിയാലും രാജി വയ്ക്കില്ല, കുറ്റം ചുമത്തിയാലും അധികാരത്തിൽ ഇരുന്നുകൊണ്ട് തന്നെ പോരാടുമെന്നാണ് മേയർ എറിക് ആഡംസിൻ്റെ പ്രതികരണം. ആഡംസ് പുറത്തായാൽ ജുമാനേ വില്യംസ് മേയറാകുമെന്നാണ് അഭ്യൂഹങ്ങൾ.