ഇന്റര്‍നെറ്റ് കത്തിക്കാനെത്തുന്ന അതിഥി; സൂചന നല്‍കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ഇന്റര്‍നെറ്റ് കത്തിക്കാനെത്തുന്ന അതിഥി; സൂചന നല്‍കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
Published on

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഒരു വലിയ സൂചന നല്‍കിയിരിക്കുകയാണ്. കളിക്കളത്തിന് അകത്തല്ല, പുറത്ത്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് റോണോയുടെ പ്രഖ്യാപനം.

യൂട്യൂബ് ചാനലില്‍ തന്റെ അടുത്ത അതിഥി ആരാണെന്ന് അറിഞ്ഞാല്‍ ഇന്റര്‍നെറ്റ് തകരുമെന്നാണ് ക്രിസ്റ്റ്യാനോയുടെ മുന്നറിയിപ്പ്. യൂട്യൂബ് ചാനലിലൂടെ ഫുട്‌ബോളിന് പുറത്തുള്ള തന്റെ താത്പര്യങ്ങള്‍ ക്രിസ്റ്റ്യാനോ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ സഹതാരമായിരുന്ന റിയോ ഫെര്‍ഡിനാന്‍ഡിനോക്കൊപ്പമുള്ള വീഡിയോ പങ്കുവെച്ചാണ് താരത്തിന്റെ പുതിയ അറിയിപ്പ്. യൂട്യൂബ് പോഡ്കാസ്റ്റില്‍ എത്തുന്ന അടുത്ത അതിഥി ഇന്റര്‍നെറ്റ് തകര്‍ക്കുമെന്നായിരുന്നു ക്രിസ്റ്റ്യാനോ പറഞ്ഞത്. ഇത് കേട്ട് അമ്പരന്നിരിക്കുന്ന ഫെര്‍ഡിനാന്‍ഡിനെയാണ് പിന്നെ കാണുന്നത്.


മാഞ്ചസ്റ്ററില്‍ ഒന്നിച്ച് കളിച്ചിരുന്ന കാലവും റൊണാള്‍ഡോയുടെ കരിയറും ഭാവി പദ്ധതികളെ കുറിച്ചുമെല്ലാമാണ് ഫെര്‍ഡിനാന്‍ഡിനൊപ്പമുള്ള പോഡ്കാസ്റ്റില്‍ സംസാരിക്കുന്നത്. അടുത്ത അതിഥി ആരാണെന്ന ഫെര്‍ഡിനാന്‍ഡിന്റെ ചോദ്യത്തിന് താങ്കളേക്കാള്‍ പ്രശസ്തനാണെന്നാണ് റൊണാള്‍ഡോയുടെ മറുപടി. ഞങ്ങള്‍ ഇന്റര്‍നെറ്റില്‍ തരംഗം സൃഷ്ടിക്കുമെന്നും താരം പറയുന്നു.

ഇതോടെ, ആരായിരിക്കും ക്രിസ്റ്റ്യാനോയുടെ അതിഥി എന്നതാണ് ആരാധകരുടെ ചര്‍ച്ച. സാക്ഷാല്‍ മെസ്സി ആയിരിക്കുമെന്നാണ് ഒരുകൂട്ടം ആരാധകരുടെ വാദം. ഇന്റര്‍നെറ്റിന് തീപിടിക്കണമെങ്കില്‍ റൊണാള്‍ഡോയും മെസിയും ഒന്നിച്ച് എത്തിയാല്‍ മതിയെന്നും ആരാധകര്‍ പറയുന്നു. എന്തായാലും ക്രിസ്റ്റ്യാനോയുടെ അതിഥി ആരാണെന്നറിയാനുള്ള കാത്തിരിപ്പിലാണ് ലോകം.

കഴിഞ്ഞ ഓഗസ്റ്റിലാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യൂട്യൂബ് ചാനല്‍ തുടങ്ങുന്നത്. അന്ന് മുതല്‍ യൂട്യൂബിലെ സകല റെക്കോര്‍ഡുകളും ഭേദിച്ചു മുന്നേറുകയാണ് ചാനല്‍. നിലവില്‍ 66 മില്യണ്‍ ഫോളോവേഴ്‌സാണ് ചാനലിനുള്ളത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com