
ആരാണ് മികച്ച ഫുട്‌ബോളര്‍, ക്രിസ്റ്റ്യാനോ റൊണാള്‍ഡോയോ ലയണല്‍ മെസിയോ? കാലങ്ങളായി ആരാധകര്‍ക്കിടയിലുള്ള തര്‍ക്കമാണിത്. ഇതേ ചര്‍ച്ച താരങ്ങളുടെ വീട്ടിലും നടക്കുന്നുണ്ടെന്നാണ് ഇപ്പോള്‍ സാക്ഷാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പറയുന്നത്. ആരാധകര്‍ക്കിടയില്‍ GOAT എന്നാണ് വിശേഷണമെങ്കിലും താരത്തിന്റെ വീട്ടില്‍ ഇതില്‍ രണ്ടഭിപ്രായമുണ്ടോ എന്ന സംശയത്തിലാണ് ആരാധകര്‍. ഫുട്‌ബോളുമായി ബന്ധപ്പെട്ട് മക്കളുമായി നടക്കുന്ന ചര്‍ച്ചകളെ കുറിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്നെ പങ്കുവെച്ച ചില രസകരമായ കാര്യങ്ങളാണ് ഇതിന് കാരണം.
സ്പാനിഷ് ചാനലായ ലാ സെക്സ്റ്റയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ക്രിസ്റ്റ്യാനോ തന്റെ മക്കളുമായുള്ള സംഭാഷണത്തെ കുറിച്ച് പറഞ്ഞത്. ലോകം മുഴുവന്‍ തന്നെ അംഗീകരിക്കുന്നുണ്ടെങ്കില്‍ മകന്‍ മതിയോയ്ക്ക് തന്നേക്കാള്‍ ഇഷ്ടം റയല്‍ മാഡ്രിഡ് താരം കിലിയന്‍ എംബാപ്പെയാണെന്ന് റൊണാള്‍ഡോ പറയുന്നു.
'മതിയോയ്ക്ക് എംബാപ്പെയെ വളരെ ഇഷ്ടമാണ്. ചില സമയങ്ങളില്‍ അച്ഛനേക്കാള്‍ മികച്ച പ്ലേയര്‍ എംബാപ്പെയാണെന്നാണ് മതിയോ പറയാറ്. അല്ല, ഞാനാണ് മികച്ച പ്ലേയറെന്ന് മകനോട് മറുപടി പറയും, ഞാന്‍ കൂടുതല്‍ ഗോളുകള്‍ നേടിയിട്ടുണ്ടെന്നും മകനെ ഓര്‍മിപ്പിക്കും'. റൊണാള്‍ഡോയുടെ വാക്കുകള്‍.
അഞ്ച് ബാലണ്‍ ഡി ഓര്‍, നാല് യൂറോപ്യന്‍ ഗോള്‍ഡന്‍ ഷൂസ്, മൂന്ന് യുവേഫപ്ലെയര്‍ ഓഫ് ദ ഇയര്‍ കിരീടങ്ങള്‍ റൊണാള്‍ഡോ നേടിയിട്ടുണ്ട്. ഫിഫ ബെസ്റ്റ് പ്ലെയറായി അഞ്ച് തവണ അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇതെല്ലാം നേടിയ ഫുട്‌ബോള്‍ ചരിത്രത്തിലെ മികച്ച കളിക്കാരന്‍ എന്ന ഖ്യാതിയുള്ള താരത്തോടാണോ സ്വന്തം മകന്‍ ഇങ്ങനെ പറഞ്ഞതെന്നാണ് ആരാധകര്‍ തമാശയായി ചോദിക്കുന്നത്.
മറ്റൊരു അഭിമുഖത്തില്‍ തനിക്ക് വേണമെന്ന് തോന്നിയ മെസിയുടെ ഒരു കഴിവിനെ കുറിച്ചും റൊണാള്‍ഡോ വെളിപ്പെടുത്തിയിരുന്നു. സ്പോര്‍ട്ട്ബൈബിളിനു നല്‍കിയ അഭിമുഖത്തിലായിരുന്നു അത്. ലയണല്‍ മെസിയുടെ ഇടതു കാല്‍ വളരെ മികച്ചതാണ്. തന്നേക്കാള്‍ മികച്ചതാണ്. അദ്ദേഹത്തിന്റെ ഇടതുകാല്‍ കിട്ടണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്നായിരുന്നു റൊണാള്‍ഡോ പറഞ്ഞത്.