
ഡൽഹി മദ്യനയക്കേസിൽ ബിആർഎസ് നേതാവ് കെ. കവിതയുടെ ജാമ്യാപേക്ഷയെ പരിഹസിച്ച തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. രേവന്ത് റെഡ്ഡിക്കെതിരായ കള്ളപ്പണ കേസിൻ്റെ വിചാരണ മധ്യപ്രദേശിലേക്ക് മാറ്റണമെന്ന ഹർജി പരിഗണിക്കുന്നതിനിടെയാണ് വിമർശനം. ഭരണഘടനാപരമായ പദവി വഹിക്കുന്ന വ്യക്തി ഇത്തരം പ്രസ്താവനകൾ നടത്തരുതെന്നും കോടതി ശാസിച്ചു.
ഡൽഹി മദ്യനയ അഴിമതിക്കേസിൽ ബിആർഎസ് നേതാവ് കവിതക്ക് ഉപാധികളോടെ സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതിനെ പരിഹസിച്ചായിരുന്നു തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി രംഗത്ത് വന്നത്. കെ ചന്ദ്രശേഖർ റാവുവിൻ്റെ പാർട്ടിയും ബി.ജെ.പിയും തമ്മിലുള്ള ഇടപാടാണ് കവിതക്ക് ജാമ്യം ലഭിക്കാൻ കാരണമെന്നാണ് രേവന്ത് റെഡ്ഡി പറഞ്ഞത്. 15 മാസത്തിന് ശേഷം മനീഷ് സിസോദിയക്ക് ജാമ്യം ലഭിക്കുകയും, കെജ്‌രിവാളിന് ഇനിയും ജാമ്യം ലഭിക്കാതിരിക്കുകയും ചെയ്ത സാഹചര്യത്തിൽ കവിതയ്ക്ക് അഞ്ച് മാസത്തിനുള്ളിൽ തന്നെ ജാമ്യം ലഭിച്ചതിൽ സംശയമുണ്ടെന്നും രേവന്ത് റെഡ്ഡി ആരോപിച്ചിരുന്നു. ഇതിനെയാണ് സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചത്.
ജസ്റ്റിസുമാരായ ബി. ആർ. ഗവായ്, പി. കെ. മിശ്ര, കെ. വി. വിശ്വനാഥൻ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് രേവന്ത് റെഡ്ഡിക്കെതിരായ 2015ലെ കള്ളപ്പണക്കേസിൻ്റെ വിചാരണ മധ്യപ്രദേശിലേക്ക് മാറ്റണമെന്ന ഹർജി പരിഗണിച്ചത്. വിചാരണ മാറ്റണമെന്ന ഹർജി കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി.