കോടികള്‍ വെള്ളത്തിലായി, ഇനിയും മുടക്കാന്‍ സര്‍ക്കാര്‍; വാഗമണ്‍ ടൂറിസം കോംപ്ലക്സ് വെള്ളാനയായി തുടരുന്നു

ശുചി മുറികൾ, 6 കോട്ടേജുകൾ, റസ്റ്റോറൻ്റ്, ടീ ഷോപ്പ്, ഇൻഫർമേഷൻ സെൻ്റർ, വിശ്രമ കേന്ദ്രം, എന്നിവയ്‌ക്കെല്ലാം സൗകര്യമൊരുക്കി 3500 ചതുരശ്ര അടിയിലാണ് കെട്ടിടം നിർമിച്ചത്
കോടികള്‍ വെള്ളത്തിലായി, ഇനിയും മുടക്കാന്‍ സര്‍ക്കാര്‍; വാഗമണ്‍ ടൂറിസം കോംപ്ലക്സ് വെള്ളാനയായി തുടരുന്നു
Published on

കേരളത്തിലെ മികച്ച ടൂറിസം കേന്ദ്രങ്ങളിൽ ഒന്നാണ് ഇടുക്കി ജില്ലയിലെ വാഗമൺ. കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രം. മൂടൽ മഞ്ഞും മൊട്ടക്കുന്നുകളും തേയില തോട്ടങ്ങളും കൊണ്ട് സമ്പന്നമായ ഇടം. എന്നാൽ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ വാഗമൺ ഇന്നും ഏറെ പിന്നിലാണ്.

വാഗമണിൻ്റെ മുഖഛായ മാറ്റുമെന്ന പ്രഖ്യാപനത്തെത്തുടര്‍ന്ന് നിർമിച്ച ടൂറിസം കോംപ്ലക്സ് ഇന്ന് വെള്ളാനയാണ്‌. വാഗമൺ ടൂറിസ്റ്റ് കേന്ദ്രത്തിൻ്റെ സാധ്യതകൾ അനന്തമാകുമെന്ന പ്രഖ്യാപനത്താലാണ് ടൂറിസ്റ്റ് കോംപ്ലക്സ് വിഭാവനം ചെയ്തത്. 2009 ഡിസംമ്പർ 18ന് തറക്കല്ലിട്ടു. 2012 ഒക്ടോബർ 9ന് നിർമാണം പൂർത്തിയാക്കി ടൂറിസ്റ്റ് കോംപ്ലക്സ് ഉദ്ഘാടനവും നിർവഹിച്ചു. നിർമാണ ചെലവ് മൂന്ന് കോടി രൂപ. പിന്നീട് ഒരു പ്രവർത്തനവും നടക്കാതെ കെട്ടിടം കഴിഞ്ഞ 10 വർഷത്തിലേറെയായി കാടുകയറി നാശമായിക്കൊണ്ടിരിക്കുകയാണ്. കോടികൾ മുടക്കി നിർമിച്ച കെട്ടിടം വിനോദ സഞ്ചാര വകുപ്പിൻ്റെ അനാസ്ഥയിൽ ഇന്ന് പ്രേതാലയമായി മാറി.

ശുചി മുറികൾ, 6 കോട്ടേജുകൾ, റസ്റ്റോറൻ്റ്, ടീ ഷോപ്പ്, ഇൻഫർമേഷൻ സെൻ്റർ, വിശ്രമ കേന്ദ്രം, എന്നിവയ്‌ക്കെല്ലാം സൗകര്യമൊരുക്കി 3500 ചതുരശ്ര അടിയിലാണ് കെട്ടിടം നിർമിച്ചത്. എന്നാൽ, ഒരു പ്രവർത്തനവും നാളിതുവരെ ഉണ്ടായിട്ടില്ല.

ഒരു ആശുപത്രി കെട്ടിടം സ്വന്തമായി ഇല്ലാത്തതിനാൽ വാഗമണിലെ ഈ ടൂറിസ്റ്റ് കോംപ്ലക്സ് വിട്ടുനൽകണമെന്ന് പഞ്ചായത്ത്‌ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, വിനോദസഞ്ചാര വകുപ്പ് അനുമതി നൽകിയില്ല. കോംപ്ലക്‌സിൻ്റെ പുനർനിർമാണത്തിന് വീണ്ടും ആറ് കോടി രൂപ ഇപ്പോൾ സർക്കാർ അനുവദിച്ചിരിക്കുകയാണ്. പണം വിഴുങ്ങി വെള്ളാനയായി മാറിയ വിനോദ സഞ്ചാര വകുപ്പ് വക കെട്ടിടത്തിൻ്റെ ശാപമോക്ഷത്തിനായി കാത്തിരിക്കുകയാണ് നാട്ടുകാരും വിനോദസഞ്ചാരികളും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com