മെസിയുടെ വരവ്: സ്വർണ വ്യാപാര മേഖലയിൽ നിന്ന് കോടികള്‍ പിരിച്ചു; ആദ്യ സ്പോണ്‍സര്‍മാര്‍ക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി

എന്നാൽ ഒരു രൂപ പോലും പിരിച്ചിട്ടില്ലെന്നാണ് അസോസിയേഷൻ്റെ വാദം
മെസിയുടെ വരവ്: സ്വർണ വ്യാപാര മേഖലയിൽ നിന്ന് കോടികള്‍ പിരിച്ചു; ആദ്യ സ്പോണ്‍സര്‍മാര്‍ക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി
Published on

അര്‍ജന്റീന ഫുട്ബോള്‍ ടീമും ലയണല്‍ മെസിയും കേരളത്തില്‍ വരുന്നതിൻ്റെ ചെലവുകള്‍ വഹിക്കാമെന്ന് സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ച് കോടികള്‍ പിരിച്ചതായി ആരോപണം. ആദ്യ സ്പോണ്‍സര്‍മാരായ ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്സ് അസോസിയേഷന്‍ (എ.കെ.ജി.എസ്.എം.എ) ജസ്റ്റിന്‍ പാലത്തറ വിഭാഗത്തിനെതിരെ എ.കെ.ജി.എസ്.എം.എ കെ. സുരേന്ദ്രന്‍ വിഭാഗമാണ് രംഗത്തെത്തിയിരിക്കുന്നത്. കായിക മന്ത്രിയെയും, സര്‍ക്കാരിനെയും തെറ്റിദ്ധരിപ്പിച്ച് സ്വര്‍ണ വ്യാപാരമേഖലയില്‍നിന്ന് കോടികളാണ് പിരിച്ചെടുത്തത്. ഈ സാമ്പത്തിക തട്ടിപ്പിനെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സംഘടന മുഖ്യമന്ത്രിക്ക് പരാതിയും നല്‍കി.

ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻ്റ് അസോസിയേഷൻ എന്ന പേരിൽ രണ്ട് സംഘടനകൾ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്. കെ. സുരേന്ദ്രൻ പ്രസിഡൻ്റായ ഒരു സംഘടനയും, മറ്റേത് ജസ്റ്റിൻ പാലത്തറ പ്രസിഡൻ്റായ സംഘടനയും. കേരളത്തിലെ സ്വർണ വ്യാപാരികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നത് കെ. സുരേന്ദ്രൻ പ്രസിഡൻ്റായ സംഘടനയാണ്. ഒരു പേപ്പർ സംഘടനയെന്ന നിലയിലാണ് ജസ്റ്റിൻ പാലത്തറയുടെ സംഘടന പ്രവർത്തിക്കുന്നതെന്ന് അബ്ദുൾ നാസർ പറഞ്ഞു.


ജസ്റ്റിൻ പാലത്തറയുടെ സംഘടനയാണ് കായിക മന്ത്രിയേയും, സർക്കാരിനെയും തെറ്റിദ്ധരിപ്പിച്ച്, 100കോടി രൂപ സ്പോൺസർഷിപ്പിലൂടെ നേടി തരാമെന്ന് വാഗ്ദാനം ചെയതു. എന്നാൽ 100കോടി സ്പോൺസർഷിപ്പിലൂടെ നേടിയെടുക്കാൻ മാത്രം ഇവർക്ക് ശേഷിയുണ്ടോ എന്ന് പോലും സർക്കാർ അന്വേഷിച്ചില്ലെന്നും അബ്ദുൾ നാസർ ആരോപിച്ചു. സംഘാടകരെ കൂട്ടിയിരുത്തി വാർത്താ സമ്മേളനം വിളിച്ച് ചേർക്കുകയും, മെസി കേരളത്തിലെത്തുമെന്ന് ഉറപ്പ് നൽകുകയും ചെയ്തിട്ടുണ്ടെന്നും അബ്ദുൾ നാസർ പറഞ്ഞു. 


അതേസമയം, യാതൊരു ക്രമക്കേടുമില്ലെന്നാണ് ജസ്റ്റിന്‍ പാലത്തറയുടെ പ്രതികരണം. ആരുടെ കയ്യില്‍നിന്നും പൈസ വാങ്ങിയിട്ടില്ല. ആരോപണം ഉന്നയിക്കുന്നവര്‍ തെളിവ് കൊണ്ടുവരട്ടെ. സ്വര്‍ണ വ്യാപാരികള്‍ക്ക് ഒരു സംഘടനയേയുള്ളൂ. അസോസിയേഷനില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ടവരുടെ സംഘടനയാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നതെന്നും ജസ്റ്റിന്‍ പാലത്തറ പറഞ്ഞു.

മെസിയെയും സംഘത്തെയും കൊണ്ടുവരുന്നതിന് ഭാരിച്ച തുക വേണമായിരുന്നു. വ്യാപാര മേള നടത്തി ഫണ്ട് കണ്ടെത്താമെന്നാണ് കരുതിയത്. എന്നാല്‍ റിസര്‍വ് ബാങ്കില്‍നിന്ന് അനുമതി ലഭിച്ചില്ല. ഫണ്ട് കണ്ടെത്താന്‍ ബുദ്ധിമുട്ട് തോന്നിയതു കൊണ്ടാണ് അത് അവസാനിപ്പിച്ചത്. അന്വേഷണം നടക്കട്ടെ. എവിടെ, ആരുടെ കൈയില്‍നിന്ന് പൈസ വാങ്ങിയെന്നാണ് അവര്‍ പറയുന്നത്. ഒരു പൈസ പോലും ആരുടെ കൈയില്‍നിന്നും വാങ്ങിയിട്ടില്ല. അവര്‍ തെളിവ് കൊണ്ടുവരട്ടെയെന്നും ജസ്റ്റിന്‍ പാലത്തറ പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com